വയനാട്ടിലേക്ക് ഇനി ആകാശയാത്ര : ചുരത്തിന് 700 അടി മുകളിലൂടെ ഒരേസമയം 400പേര്‍ക്ക് പോകാം ; റോപ്വേ പദ്ധതി എത്തുന്നു

കൽപ്പറ്റ : വയനാട് ചുരത്തിനുമുകളിലൂടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) റോപ്വേ പദ്ധതിക്ക് വഴിയൊരുങ്ങുന്നു. പദ്ധതി നടപ്പാക്കാൻ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന ഇൻഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ) സർക്കാർ അനുമതിനല്‍കി. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി ഒരുങ്ങുന്നത്.
വയനാട് ചുരത്തിന്റെ അടിവാരത്ത് ഒന്നാംവളവിനോടുചേർന്നുള്ള പ്രദേശത്തുനിന്ന് തുടങ്ങി മുകളില്‍ ലക്കിടിയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും റോപ്വേ. വനംവകുപ്പില്‍നിന്നുള്ള അനുമതിയാണ് പദ്ധതിക്ക് ഇനിവേണ്ടത്. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. റോപ്വേ കടന്നുപോകുന്ന 3.9 കിലോമീറ്റർ ദൂരത്തില്‍ ഒരുകിലോമീറ്ററിലധികം ഭാഗം വനമേഖലയിലൂടെയാണ്. ഇതിനുപകരമായി അഞ്ചേക്കർഭൂമി നൂല്‍പ്പുഴയില്‍ വനംവകുപ്പിന് കൈമാറി.
വയനാടിന്റെ ടൂറിസം, അടിസ്ഥാനസൗകര്യവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2023 ഒക്ടോബർ 20-ന് ചേർന്ന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗമാണ് റോപ്വേ പദ്ധതിനിർദേശം പരിഗണിച്ചത്. പിന്നീട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ചേർന്ന ഉന്നത ഉദ്യോഗസ്ഥതലയോഗം പദ്ധതി പഠിച്ച് പിപിപി മോഡലില്‍ നടപ്പാക്കാൻ കെഎസ്‌ഐഡിസി എംഡിക്ക് നിർദേശം നല്‍കി. 2017 മുതല്‍ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ച് റോപ്വേക്കുവേണ്ടി ശ്രമിക്കുന്നു.
ഒരേസമയം നാനൂറോളം പേർക്ക് യാത്രചെയ്യാം
വയനാട് ചുരത്തിനുമുകളിലൂടെ റോപ്വേ പദ്ധതിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2017-ലാണ് ഈ ലക്ഷ്യത്തോടെ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ചത്. ലക്കിടിയില്‍ ഒന്നരയേക്കർഭൂമിയും അടിവാരത്ത് പത്തേക്കർ ഭൂമിയും പദ്ധതിയുടെ ടെർമിനലുകള്‍ക്കായി െവസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ലോവർ ടെർമിനലിനാവശ്യമായ ഒരേക്കർഭൂമി കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാൻ സർക്കാർ കെഎസ്‌ഐഡിസിക്ക് അനുമതിനല്‍കിയത്. ഭൂമി റവന്യൂവകുപ്പിനും പിന്നീട് കെഎസ്‌ഐഡിസിക്കും കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കണമെന്നും ഉത്തരവിലുണ്ട്.
ടെർമിനലുകള്‍ക്കുവേണ്ടിയുള്ള സ്ഥലത്ത് പാർക്ക്, സ്റ്റാർ ഹോട്ടല്‍, കഫ്റ്റീരിയ, ആംഫി തിയേറ്റർ, ഓഡിറ്റോറിയം എന്നിവയാരംഭിക്കും. ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി ലക്കിടിയില്‍നിന്ന് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലൂടെയും കോഴിക്കോട്ടുനിന്ന് അടിവാരംവരെയും പ്രത്യേകം ബസ് സർവീസുകളും ഉണ്ടാകും. നടപ്പായാല്‍ രാജ്യത്തുതന്നെയുള്ള വലിയ റോപ്വേകളില്‍ ഒന്നായിരിക്കുമിത്. 22-ന് മുഖ്യമന്ത്രി പിണറായി വിജയനുമായി വെസ്റ്റേണ്‍ ഘാട്ട്സ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് മാനേജിങ് ഡയറക്ടർ ഡോ. ഇ.പി. മോഹൻദാസ് പറഞ്ഞു.
റോപ്വേ ഇങ്ങനെ
• അടിവാരംമുതല്‍ ലക്കിടിവരെ 3.9 കിലോമീറ്റർ ദൂരത്തില്‍ 700 മീറ്ററോളം ഉയരത്തിലാണ് റോപ്വേ വിഭാവനംചെയ്യുന്നത്. 30-നും 40-നും ഇടയില്‍ ടവറുകളിലായാണ് റോപ്വേ തയ്യാറാക്കുക
• 40 എസി കേബിള്‍ കാറുകളുണ്ടാകും. ഒരു കേബിളില്‍ ആറുമുതല്‍ എട്ടുവരെ ആളുകള്‍ക്ക് യാത്രചെയ്യാം. ഒരേസമയം, 400-ഓളം പേർക്ക് യാത്രചെയ്യാം
• ഒരുവശത്തേക്കുള്ള യാത്രാസമയം 15 മുതല്‍ 18 വരെ മിനിറ്റുമാത്രം. നിലവില്‍ ചുരത്തില്‍ വാഹനങ്ങളില്‍ ചുരുങ്ങിയത് 45 മിനിറ്റ് യാത്രചെയ്യണം
• അടിയന്തരഘട്ടങ്ങളില്‍ വയനാട്ടില്‍നിന്നുള്ള രോഗികളെ അടിവാരത്ത് എത്തിക്കുന്നതിനായി ആംബുലൻസ് കേബിള്‍കാറുണ്ടാകും. ചികിത്സാരംഗത്ത് പരാധീനതകള്‍ ഏറെയുള്ള വയനാടിന് ഇതാശ്വാസമാകും
• റോപ്വേ, ടെർമിനല്‍വികസനം, ടൂറിസം സർക്യൂട്ട് ഉള്‍പ്പെടെ 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു