March 12, 2025

സംസ്ഥാനത്തെ റേഷൻകടകളില്‍ ഇനി ഒരുമാസം പച്ചരിക്കാലം : സപ്ലൈകോയിലെ സ്‌റ്റോക്ക് മാര്‍ച്ച്‌ 31-നകം തീര്‍ക്കാൻ നിർദ്ദേശം

Share

 

കൽപ്പറ്റ : സംസ്ഥാനത്തെ റേഷൻകടകളില്‍ ഇനി ഒരുമാസം പച്ചരിക്കാലം. സപ്ലൈകോയുടെ സംഭരണശാലകളില്‍ (എൻ.എഫ്.എസ്.എ.) കെട്ടിക്കിടക്കുന്ന മുഴുവൻ പച്ചരിയും മാർച്ച്‌ 31നകം റേഷൻകടകളിലൂടെ വിതരണംചെയ്യാൻ പൊതുവിതരണവകുപ്പ് നിർദേശം നല്‍കി. സമ്ബുഷ്ടീകൃതമല്ലാത്ത ഇനം പച്ചരിയുടെ സ്റ്റോക്കാണ് സംഭരണശാലകളില്‍നിന്ന് പൂർണമായി ഒഴിവാക്കേണ്ടത്.

 

വിതരണത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനസൗകര്യം ഏർപ്പെടുത്തുന്നതിനും പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ നിർദേശം നല്‍കിയിട്ടുണ്ട്. സ്റ്റോക്കുള്ള പച്ചരി കടകളിലേക്ക് എത്തിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർ ഉറപ്പാക്കണം.

 

എൻ.എഫ്.എസ്.എ. സംഭരണശാലാ മാനേജർമാരും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സപ്ലൈകോയുടെ 56 സംഭരണശാലകളിലും അധികപച്ചരി സ്റ്റോക്കുള്ളതായാണ് സൂചന.

 

നിർദേശം ഗുണഭോക്താക്കളെയും കടയുടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാർഡുടമകളില്‍ 1.53 കോടിപേരാണ് മുൻഗണനാ വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ പച്ചരിക്ക് ആവശ്യക്കാർ കുറവാണ്. പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള പച്ചരി അധികമായി എത്തിക്കുന്നത് സംഭരണസൗകര്യം കുറഞ്ഞ റേഷൻകടയുടമകളെ ബുദ്ധിമുട്ടിലാക്കും.

 

മുൻഗണനാവിഭാഗത്തില്‍പ്പെട്ട മഞ്ഞ (എ.എ.വൈ.) കാർഡുടമകള്‍ക്ക് മാർച്ചില്‍ 30 കിലോ അരിയാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. പുഴുക്കലരി, കസ്റ്റം മില്‍ഡ് അരി, സമ്ബുഷ്ടീകൃത അരി തുടങ്ങിയവകൂടി വില്‍ക്കാൻ ഇ-പോസില്‍ ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്.

 

എന്നാല്‍, അധികൃതരുടെ നിർദേശപ്രകാരം പച്ചരിയാവും വിതരണംചെയ്യുക. മുൻഗണനാ പി.എച്ച്‌.എച്ച്‌. (പിങ്ക്) കാർഡുടമകള്‍ക്ക് ഓരോ അംഗത്തിനും നാലുകിലോ വീതമാണ് മാർച്ചിലെ സൗജന്യവിഹിതം.

 

വിതരണത്തോത് കൂടിയതോടെ റേഷൻപച്ചരി വ്യാപകമായി കരിഞ്ചന്തയിലും എത്തിത്തുടങ്ങിയിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.