സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്കോ ? ഇന്ന് ഒറ്റയടിക്ക് 440 രൂപ കൂടി

കൽപ്പറ്റ : സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്.
ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില ഉയരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്നാണ് സ്വര്‍ണവില കുതിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.