മാസപ്പിറവി ദൃശ്യമായി ; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാല്‍ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.
ഉമ്മുല്‍ഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാല്‍ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അല്‍ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു.
എന്നാല്‍ തുമൈറില്‍ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അല്‍പ സമയത്തിനകം സൗദി സുപ്രീംകോടതിയില്‍ നിന്നും പുറത്തിറങ്ങും.
സൗദിയില്‍ മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെ തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്.
ഉടൻ തന്നെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങും. അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാൻ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാൻ ഒന്ന്.