March 12, 2025

കൊലയാളി സംഘത്തെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ ; വയനാട് ഡിസിസി ഓഫീസിന് മുൻപില്‍ ‘സേവ് കോണ്‍ഗ്രസ്’ പോസ്റ്ററുകള്‍

Share

 

കല്‍പ്പറ്റ : ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയൻ ജീവനൊടുക്കിയ സംഭവത്തില്‍ നേതാക്കളെ വിമർശിച്ച്‌ വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്ററുകള്‍.എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎല്‍എയ്ക്കും എതിരെയാണ് പോസ്റ്ററുകള്‍. ‘കൊലയാളി സംഘത്തെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളില്‍ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎല്‍എക്കെതിരെ പോസ്റ്ററില്‍ പരാമർശം ഇല്ല.

 

‘അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസില്‍ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയില്‍ വേണ്ട’- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

 

ആത്മഹത്യാ കേസില്‍ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎല്‍എയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. രണ്ടും മൂന്നും പ്രതികള്‍ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ്.

 

വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന്‌ എഴുതിയ കത്തില്‍ എൻ എം വിജയൻ സാമ്ബത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎല്‍എ ആണെന്ന് ആരോപിക്കുന്ന കത്തില്‍, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.