ഇനി എല്ലാ മാസവും റീചാര്‍ജ് ചെയ്യേണ്ട : 20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം ഡിആക്ടിവേറ്റ് ചെയ്യാനാകില്ല ; കമ്പനികളുടെ പിഴിയലിന് തടയിട്ട് ട്രായ്

ഡല്‍ഹി : രാജ്യത്തെ മൊബൈല്‍ കമ്ബനികള്‍ സിം ആക്ടിവേഷന്റെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശം പ്രാബല്യത്തില്‍. മാസം കുറഞ്ഞത് 199 രൂപയുടെ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍, 20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം ആക്ടിവേഷന്‍ തുടരണമെന്നാണ് ട്രായ് മൊബൈല്‍ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ദശലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ട്രായ് നിര്‍ദ്ദേശം. മിനിമം ബാലന്‍സ് ഉണ്ടെങ്കിലും ഒരു സിം കാര്‍ഡ് വളരെക്കാലമായി ഉപയോഗിക്കാതെയിരുന്നാല്‍ മൊബൈല്‍ കമ്ബനികള്‍ അത് ഡിആക്ടിവേറ്റ് ചെയ്യും.
ട്രായ് നിര്‍ദ്ദേശപ്രകാരം 90 ദിവസത്തേക്ക് സിം കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കില്‍, അത് ഡി ആക്ടിവേറ്റ് ചെയ്യപ്പെടും. എന്നാല്‍, അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍, സിം കാര്‍ഡ് 30 ദിവസത്തേക്ക് കൂടി തുടരും. 20 രൂപയോ അതില്‍ കൂടുതലോ ബാലന്‍സ് ഉള്ളിടത്തോളം ഈ പ്രക്രിയ തുടരും. ബാലന്‍സ് 20 രൂപയില്‍ താഴെയാണെങ്കില്‍, കാര്‍ഡ് നിര്‍ജ്ജീവമാകും. ഇങ്ങനെ സംഭവിച്ചാല്‍ 20 രൂപ ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ നമ്ബര്‍ വീണ്ടും സജീവമാക്കാം.
നിലവിലുള്ള രീതിയില്‍ ഒരു മാസം കഴിഞ്ഞ് സിം ഡിആക്ടിവേറ്റ് ആകുന്നത്, ഡാറ്റ ഉപയോഗിക്കാത്ത നിര്‍ധനരേയും മുതിര്‍ന്ന പൗരന്മാരേയുമെല്ലാം ബാധിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് ട്രായ് പുതിയ നിയമവുമായെത്തിയത്.
റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍, ഐഡിയ വൊഡാഫോണ്‍ എന്നീ കമ്ബനികള്‍ക്കെല്ലാം ട്രായിയുടെ നിര്‍ദ്ദേശം ബാധകമാണ്. ടെലികോം കമ്ബനികളെല്ലാം ഉപയോക്താക്കളുടെ വോയ്സ് കോളിംഗിനും എസ്‌എംഎസ് ആവശ്യങ്ങള്‍ക്കും മാത്രമായി പ്രത്യേക താരിഫ് വൗച്ചറുകള്‍ (എസ്ടിവി) അവതരിപ്പിക്കേണ്ടതുണ്ട്.
അവധിക്കെത്തിയാല്‍ മാത്രം ഉപയോഗിക്കുന്ന ഫോണ്‍ വര്‍ഷം മുഴുവന്‍ റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയാണ് പ്രവാസികളും മറ്റും നേരിടേണ്ടിവരുന്നത്. പുതിയ നിയമത്തോടെ മാസം 20 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ വര്‍ഷം മുഴുവന്‍ വാലിഡിറ്റി ലഭിക്കും. മാത്രമല്ല, ഡ്യുവല്‍ സിം ഉപയോഗിക്കുന്നവര്‍ക്കും ഇപ്പോഴത്തെ നിര്‍ദ്ദേശം ആശ്വാസകരമാണ്.
2013-ല്‍ ട്രായ് ഈ നിയമം കൊണ്ടുവന്നെങ്കിലും, ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇത് നടപ്പിലാക്കിയില്ല. ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാര്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നതിനായി അവരുടെ നിബന്ധനകളും വ്യവസ്ഥകളും ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.