March 15, 2025

എൻ.എം വിജയന്‍റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് പ്രേരണക്കുറ്റത്തിന് കേസ്

Share

 

ബത്തേരി : വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുല്‍ത്താൻ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡി.ഡി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ പ്രസിഡന്‍റ് കെ.എൽ പൗലോസ്, ഭാരവാഹി കെ.കെ ഗോപിനാഥ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

 

എൻ.എം വിജയൻ നേതാക്കള്‍ക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പരാമർശിക്കപ്പെട്ടതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ബുധനാഴ്ച ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേർത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എൻ.എം. വിജയന്‍റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരില്‍ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പില്‍ പരാമർശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പില്‍ ആരോപണമുണ്ട്.

 

സാമ്ബത്തിക ബാധ്യതയെ കുറിച്ചും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്. വിജയന്റെ കുടുംബമാണ് കത്ത് പുറത്തുവിട്ടത്. ഇതിനോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിജയൻ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കത്തിലും കോഴയെ കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്. വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. അതിനിടെ, കത്തിലെ ആരോപണങ്ങള്‍ ഐ.സി. ബാലകൃഷ്ണൻ നിഷേധിച്ചു. ഇ.ഡി, വിജിലൻസ് ഉള്‍പ്പെടെ ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.

 

അതിനിടെ, കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെ.പി.സി.സിയുടെ ഒത്താശയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.