അയൽവാസിയുടെ വീട് തീവെച്ചു നശിപ്പിച്ച യുവാവ് പിടിയിൽ

കേണിച്ചിറ : അയൽവാസിയുടെ വീട് തീവെച്ചു നശിപ്പിച്ച യുവാവ് പിടിയിൽ. നടവയൽ എടലാട്ട് നഗർ കേശവൻ (32) ആണ് അറസ്റ്റിലായത്. എടലാട്ട് നഗർ പുഞ്ചകുന്നിൽ താമസിക്കുന്ന ബിനീഷിന്റെ വീടാണ് 11 ന് രാത്രി ഇയാൾ തീയിട്ട് നശിപ്പിച്ചത്.
തീ വെയ്പിൽ കുടുംബത്തിന്റെ മുഴുവൻ വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉൾപ്പെടെ കത്തിനശിച്ചിരുന്നു. വീട്ടുകാർ പുറത്തുപോയ സമയമായതിനാലാണ് ജീവഹാനി ഉണ്ടാകാതിരുന്നത്. പ്രതി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പ്രതിയെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്. ഇയാൾ മുമ്പ് അയാളുടെ തന്നെ സഹോദരന്മാരായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു.
കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ ഇ.കെ. ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെമ്മി, ഹരിദാസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ശിവദാസൻ എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.