March 16, 2025

മെസിയും സംഘവും കേരളത്തിൽ എത്തും : അർജൻ്റീനിയൻ ടീമിൻ്റെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ച്‌ കായിക മന്ത്രി

Share

 

അർജൻ്റീനിയൻ ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനം സ്ഥിരീകരിച്ച്‌ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക.രണ്ട് മത്സരങ്ങളായിരിക്കും അർജൻ്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന. ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

 

ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പെയിനില്‍ വച്ച്‌ അർജൻ്റീനിയല്‍ ഫുട്ബോള്‍ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ചർച്ചകള്‍ക്കായി ഒന്നര മാസത്തിനകം അർജൻ്റീനിയൻ ഫുട്ബോള്‍ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മല്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

അർജന്‍റീനിയൻ ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്ബത്തികച്ചെലവുകള്‍ സ്പോണ്‍സർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോള്‍ഡ് ആൻ്റ് സില്‍വർ മെർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങള്‍ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്ബോള്‍ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്പോർട്സ് ഫൌണ്ടേഷൻ്റെ പേരില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

 

സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും സ്പോർട്സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജൻ്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങള്‍ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിൻ്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കേരള സ്പോർട്സ് കൌണ്‍സില്‍ പ്രസിഡൻ്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര, വൈസ് പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ, ഓള്‍ കേരള ഗോള്‍ഡ് ആൻ്റ് സില്‍വർ മെർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര, ലിമാക്സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിള്‍ ഐഡി ഡയറക്ടർ സുഭാഷ് മാനുവല്‍ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.