പള്ളിക്കുന്നിൽ ബസ് കാത്തിരിപ്പുകേന്ദ്രം പണിതു നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കമ്പളക്കാട് : മൂന്നുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റിയ പള്ളിക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു പകരം പുതിയത് പുതുക്കി പണിത് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പള്ളിക്കുന്ന് പൗരസമിതി നൽകിയ പരാതിയെത്തുടർന്നാണ് അനുകൂലവിധി. പള്ളിക്കുന്ന് ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം അനിവാര്യമാണെന്ന് കുമ്മീഷന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാൽ
ഉചിതമായ സ്ഥലം കണ്ടെത്തി കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന് പൊതുമരാമത്ത് അസി. എക്‌സി.എഞ്ചിനീയറോട് കമ്മീഷൻ നിർദ്ദേശിച്ചു. പ്രസ്തുത സ്ഥലത്ത് കാലതാമസം കൂടാതെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിനുള്ള നടപടികൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പാതയോരം കയ്യേറിയുള്ള നിർമാണമാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയെത്തുടർന്നായിരുന്നു 2021 ൽ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റിയത്. ഒട്ടേറെ പേർക്ക് ആശ്രയമായ പള്ളിക്കുന്നിലെ ഏക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിൽ പള്ളിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം നടത്തി പ്രതിഷേധിച്ചിരുന്നു. അഞ്ച് സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും, പ്രശസ്തമായ ലൂർദ്ദ് മാതാ ദേവാലയത്തിലേക്കെത്തുന്ന തീർത്ഥാടകർക്കും ഏക ആശ്രയമായ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
17 വർഷം മുൻപ് നാട്ടുകാർ പിരിവെടുത്ത് പൊതുമരാമത്തിന്റെ അനുമതിയോടെ പള്ളിക്കുന്നിൽ ഒരുക്കിയ ബസ്സ് കാത്തിരിപ്പു കേന്ദ്രമാണിത്. വെണ്ണിയോട്, പടിഞ്ഞാറത്തറ, വിളമ്പുകണ്ടം, പനമരം, മാനന്തവാടി, അഞ്ചുകുന്ന്, കമ്പളക്കാട് ടൗണുകളിലേക്ക് പോകുന്ന റോഡുകൾ ചേരുന്ന കവലയാണ് പള്ളിക്കുന്ന്. കോട്ടത്തറ, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന സ്ഥലമാണ് പള്ളിക്കുന്ന്. അതിനാൽ നൂറു കണക്കിന് പേർ ബസ് കാത്തു നിന്നിരുന്നത് ഇവിടെയായിരുന്നു. ഒരു നോട്ടീസ് പോലും നൽകാതെ പൊതുമരാമത്ത് അധികൃതർ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റിയതോടെ വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലുംകൊണ്ട് വഴിയോരത്താണ് ബസ് കാത്തിരിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ പൗരസമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയത്.
ചിത്രം : പള്ളിക്കുന്ന് ടൗണിൽ ബസ് കാത്തു നിൽക്കുന്നവർ