പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണു മരിച്ചു
പനമരം : പരക്കുനിയിൽ രണ്ടര വയസ്സുകാരൻ അബദ്ധത്തിൽ കനാലിൽ വീണു മരിച്ചു. പനമരം സി.എച്ച് റസ്ക്യൂ ടീമംഗമായ മഞ്ചേരി ഷംനാജ് – ഷബാന ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകനായ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കാനാലിൽ വീഴുകയായിരുന്നു. കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാൽ ആയതിനാൽ പമ്പിങ് കഴിഞ്ഞ ഉടനെയാണ് ഹയാൻ കനാലിലേക്ക് വീണതെന്ന് കരുതുന്നു. വീണയുടൻ ഒഴുക്കിൽ പെട്ട ഹയാനെ വീടിന് സമീപത്തു നിന്നും അൻപത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് പനമരം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങൾ പഴക്കമുള്ള കനാലിൽ ആദ്യമായാണ് ഇത്തരമൊരു അപകടം സംഭവിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു.