October 30, 2024

ദുരന്തത്തെ പോലും രാഷ്ട്രീയവല്‍ക്കരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ലജ്ജാകരം : ദുരന്തഭൂമിക്ക് കേന്ദ്ര സഹായം നല്‍കാത്തതില്‍ ചോദ്യങ്ങളുമായി പ്രിയങ്ക

Share

 

പനമരം : വയനാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം നല്‍കാത്തതില്‍ വിമർശനവും ചോദ്യങ്ങളുമായി പ്രിയങ്ക ഗാന്ധി. വയനാടിനെ ഇളക്കി മറിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ദുരന്തത്തെ പോലും രാഷ്ട്രീയവല്‍ക്കരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചതെന്നും പ്രിയങ്ക ചോദിച്ചു.

 

സ്വാതന്ത്ര്യ സമരം കാലം മുതലുള്ള വയനാട്ടുകാരുടെ ധൈര്യത്തെ പ്രിയങ്ക ഓര്‍മിച്ചു. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക ഗാന്ധി വയനാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഉറപ്പുനല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് പ്രിയങ്ക ഗാന്ധിക്കായി കാത്തുനിന്നത്. താളൂരിലെ ഹെലിപ്പാടില്‍ നിന്നും മീനങ്ങാടിയിലെ പൊതുയോഗ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കാത്തുനിന്നവരെ നേരില്‍ കണ്ട് സ്‌നേഹമറിയിച്ചായിരുന്നു പ്രിയങ്കയുടെ യാത്ര. രണ്ടു ദിവസങ്ങളിലായുള്ള മണ്ഡല പര്യടനം ഇന്നും തുടരും.

 

 

പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും കര്‍ഷക പ്രശ്‌നവും തൊഴിലില്ലായ്മയും പ്രിയങ്ക അഭിസംബോധന ചെയ്തു. വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി അതിനായി ഒരുപാട് പ്രവര്‍ത്തനം നടത്തിയെന്നും താനും അതിനായി ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

 

രാത്രിയാത്ര നിരോധനം, മനുഷ്യ വന്യജീവി സംഘര്‍ഷം, കാര്‍ഷിക ആദിവാസി മേഖലയിലെ വിഷയങ്ങള്‍ തുടങ്ങി വയനാട് ജില്ലയിലെ പ്രാദേശിക വിഷയങ്ങള്‍ അടക്കം ഉയര്‍ത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. രാഹുലിന്റെ വയനാട് നിന്നുള്ള പിന്മാറ്റം വൈകാരികമായിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ആ പോരാട്ടം നയിക്കുന്നത് രാഹുല്‍ ആണ്. തന്നോടൊപ്പം നിങ്ങള്‍ക്കും അതില്‍ ചുമതല ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞുവെച്ചു.

 

വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരേയും സഹായിച്ചു. പോരാട്ടത്തിന്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടിഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. ഇവിടുത്തെ പ്രകൃതിയും ഭൂമിയും അതിമനോഹരമാണ്. മതസൗഹാർദത്തിന്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രതിനീധീകരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗൃഹീതമായ വ്യക്തി താനാവുമെന്നും പ്രിയങ്ക പറഞ്ഞു.

 

 

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സമയത്ത് നമ്മൾ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണ്. വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും ഛിദ്രവും വിദ്വേഷവും വളർത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. മണിപ്പുരിൽ എന്താണ് നടക്കുന്നതെന്ന് നമുക്കറിയാം. ഈ രാജ്യത്തു മുഴുവൻ അവർ ഭയവും വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഭരണഘടനാമൂല്യങ്ങളെ നിരന്തരം ബിജെപി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും കർഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികൾ വൻകിടക്കാർക്ക് നൽകുന്നു. മിനിമം താങ്ങുവില നൽകുമെന്ന് പൊള്ളയായ വാഗ്ദാനം നൽകി കർഷകരെ വഞ്ചിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലെത്തി. മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും അവർക്ക് യാതൊരു ഭാവിയുമില്ല. രാത്രിയാത്രാ നിരോധനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു പ്രവർത്തകൻ സമീപിച്ചിരുന്നു. ഇതടക്കം വയനാടിന്റെ ഓരോ പ്രശ്നത്തെയും കുറിച്ച് എനിക്ക് ബോധ്യമുണ്ട്– പ്രിയങ്ക പറഞ്ഞു.

 

എല്ലാവരും തന്റെ സഹോദരനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ വയനാട് അദ്ദേഹത്തെ ചേർത്തു നിർത്തി. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജ്ജം നൽകിയത് വയനാട്ടുകാരാണ്. ജനാധിപത്യം നിലനിൽക്കാനും തുല്യതയ്ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ‌ജനാധിപത്യത്തിനും മതേതരത്വത്തിനും സത്യത്തിനും വേണ്ടി ലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.