നീർവാരം മഞ്ഞവയൽ – വാളമ്പാടി റോഡിൽ നാട്ടുകാരുടെ ശ്രമദാനം
പനമരം : നീർവാരം മഞ്ഞവയൽ – കൊട്ടവയൽ – വാളമ്പാടി റോഡിൽ നാട്ടുകാർ ശ്രമദാനമായി റോഡ് നന്നാക്കി. കഴിഞ്ഞ മഴയിലെ ശക്തമായ കുത്തൊഴുക്കിൽ ഓവുപാലത്തിന് മുകളിലെ മണ്ണിടിഞ്ഞുപോയി തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചിരുന്നു. പലകുറി പഞ്ചായത്തധികൃതരെ സമീപിച്ചിട്ടും നന്നാക്കിയില്ല. ഇതോടെയാണ് വെള്ളിയാഴ്ച നാട്ടുകാർ ഇറങ്ങി ഓവുപാലം പുനഃസ്ഥാപിച്ച ശേഷം മണ്ണിട്ട് താല്കാലികമായി റോഡ് ഗതാഗതയോഗ്യമാക്കിയത്.
പനമരം പഞ്ചായത്തിലെ ആറാം വാർഡിൽപ്പെടുന്ന റോഡ് മൂന്ന് ആദിവാസി കോളനിക്കാർ ഉൾപ്പെടെ 124 കുടുംബങ്ങൾക്ക് ഏക ആശ്രയമാണ്. നാല് കിലോമീറ്ററോളം നീളുന്ന റോഡിൻ്റെ തുടക്കത്തിൽ നിന്നും അഞ്ചൂറ് മീറ്റർ മാറിയാണ് ഓവ് തകർന്നത്. റോഡിൻ്റെ വശം ഉൾപ്പെടെ ഇടിഞ്ഞതിനാൽ വാഹനങ്ങൾ കടന്നുപോവില്ല. ഇതോടെ പാലളക്കുന്ന 40 ക്ഷീരകർഷകരും, ഗോത്രസാരഥിയെ ആശ്രയിക്കുന്ന 60 വിദ്യാർഥികളും ദുരിതത്തിലായി. മൂന്നു മാസമായി അടിയന്തിര യാത്രകൾക്കുപോലും വാഹനങ്ങൾ എത്താത്തത് വലിയ പ്രയാസ്സമുണ്ടാക്കി. വനാതിർത്തി ഗ്രാമമായതിനാൽ കാട്ടാന ശല്യവും ഇവിടം രൂക്ഷമാണ്. ഇതിനിടെ റോഡിൻ്റെ ശോച്യാവസ്ഥ കനത്ത പ്രഹരമേൽപ്പിക്കുന്നതാണ്. കെ.ജി. മണി, വി.കെ. സിബി, അഖിൽ സിബി, ജിത്ത് അമ്മാനി, പി.പി. സജേഷ്, പി.എസ് കണ്ണൻ, മനുശങ്കർ, എം.ബി. വിനോദ്, ശ്രീധരൻ നടുവിൽ മുറ്റം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ ശ്രമദാനമായി റോഡ് നന്നാക്കിയത്.
ചിത്രം : നീർവാരം മഞ്ഞവയൽ – വാളമ്പാടി റോഡ് നാട്ടുകാർ ശ്രമദാനമായി നന്നാക്കുന്നു.