ഇനി ഓഫിസുകള്‍ തേടി അലയേണ്ട; ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ‘എന്‍റെ ഭൂമി’

തിരുവനന്തപുരം : ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഒന്നിലധികം ഓഫിസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥക്ക് പരിഹാരമായി ‘എന്‍റെ ഭൂമി സംയോജിത പോർട്ടല്‍’ പ്രാബല്യത്തില്‍.
വില്ലേജ്, സർവേ, രജിസ്ട്രേഷൻ ഓഫിസുകളില്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൂമിയുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന സേവനങ്ങളാണ് https://entebhoomi.kerala.gov.in/പോർട്ടലില്‍നിന്ന് ലഭ്യമാവുന്നത്.
എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ (ഇന്‍റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്‍റ് സിസ്റ്റം -ഐ.എല്‍.ഐ.എം.എസ്) ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ്. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഒറ്റ പോര്‍ട്ടല്‍ വഴി ലഭിക്കും.
ഭൂരേഖ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാൻഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം ഭൂരേഖ പരിപാലനത്തെ സമഗ്രമായി മാറ്റുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
നിലവില്‍ നടക്കുന്ന ഭൂമിയുടെ ഡിജിറ്റല്‍ സർവേ പൂർത്തിയാവുന്നതോടെയാവും ‘എന്‍റെ ഭൂമി എന്‍റെ ഭൂമി സംയോജിത പോർട്ടല്‍’ പൂർണതലയിലേക്ക് എത്തുക. 2022 നവംബർ ഒന്നിന് റീസർവേ ജോലികള്‍ ആരംഭിച്ചെങ്കിലും പലകാരണങ്ങളാല്‍ മുന്നോട്ടുപോയില്ല. 2023ല്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ സർവേ ആരംഭിച്ചു.
212 വില്ലേജുകളിലെ 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സർവേ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സർവേ പൂർത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്ബോള്‍ തന്നെ എന്‍റെ ഭൂമി പോർട്ടലില്‍ അപ്ലോഡ് ചെയ്യപ്പെടുന്നു.
ഇതില്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ട്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകള്‍ സംയുക്തമായാണ് സംയോജിത പോർട്ടല്‍ സജ്ജമാക്കിയത്.