ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് ; താരിഫ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ : ഇന്ത്യയില്‍ ആദ്യം

തിരുവനന്തപുരം : ആംബുലൻസ് ഫീസ് ഏകീകരിക്കുകയും ആംബുലൻസുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുകയും ചെയ്ത് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ താരിഫ് ഏർപ്പെടുത്തുന്നത്. ഇത് പ്രകാരം വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താന്‍ ആണ് തീരുമാനം.
വെന്റിലേറ്റര്‍ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്. വെന്റിലേറ്ററില്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും.
ചെറിയ ഒമ്‌നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയായിരിക്കും. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600രൂപയും ആയിരിക്കും മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍.സി.സിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.
ബി പി എല്‍ വിഭാഗങ്ങള്‍ക്ക് 20 % ഇളവ്. ക്യാൻസർ രോഗികള്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് 2 രൂപ ഇളവ് ലഭ്യമാകും. അപകടം നടന്നാല്‍ ഉടനെ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കും. താരിഫുകള്‍ ആംബുലൻസുകളില്‍ പ്രദർശിപ്പിക്കുകയും ചെയ്യും. യാത്ര വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലൻസുകളില്‍ നിർബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലൻസുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.