September 24, 2024

യാഥാർഥ്യമാവാതെ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് ; ഭാരതനാടിനാകെ അപമാനം: വികസന സമിതി

1 min read
Share

 

പടിഞ്ഞാറത്തറ : വർഷങ്ങൾ നീണ്ടുനിന്ന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി പഠനത്തിനും, ആവശ്യമായ സർവ്വേകളുടെ അടിസ്ഥാനത്തിലും DPR തയ്യാറാക്കി മുഴുവൻ തുകയും അനുവദിച്ചു 1994 അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലസ്ഥാപനം നടത്തി, 70% പണി പൂർത്തീകരിച്ചിട്ട് 30 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പോയത് രാജ്യത്തിന് ആകെ അപമാനകരവും ആക്ഷേപകരവുമാണെന്ന് പൂഴിത്തോട് ബദൽ റോഡ് വികസനസമിതി ചെയർമാൻ കെ.എ ആന്റണി പ്രസ്ഥാവിച്ചു.

 

 

30 വർഷത്തെ കാത്തിരിപ്പിന് ഇനിയെങ്കിലും അറുതി വരുത്തുക. യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ റോഡ് നിർമാണം പുനരാരംഭിക്കുക, ചുരമില്ല ബദൽ പാത എന്ന വയനാടിന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കുക. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളും ജനപ്രതിനിധികളും കണ്ണ് തുറക്കുക, വയനാടിന്റെ പുനർനിർമ്മാണത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനുശേഷവും വയനാടിന് യാതൊരു സഹായവും നൽകുവാൻ കേന്ദ്രഗവണ്മെന്റ് നാളിതുവരെ തയ്യാറാവാത്തത് വർഷങ്ങളായി കേന്ദ്രം വയനാടിനോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ്.

വയനാടിന്റെ പുനർ നിർമാണത്തിനും വയനാട് സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തുവാൻ, താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതകുരിക്കിന് ശാശ്വത പരിഹാരം കാണുവാൻ, ടുറിസം രംഗത്തുള്ള വയനാടിന്റെ കുതിച്ചുചാട്ടത്തിനും ബദൽ പാത അനിവാര്യമാണ്.

 

വയനാട്ടിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കിയില്ലെങ്കിൽ വയനാട്ടിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായി തീരും.

ടൂറിസം രംഗം കുടി തകർന്നടിഞ്ഞാൽ വയനാടിന്റ ഭാവി ഇരുട്ടിലാവും. കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾ ഇക്കാര്യങ്ങൾ തിരിച്ചറിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

 

പൂഴിത്തോട് ബദൽ റോഡിനു എന്ത് സംഭവിച്ചു……….?, വിമർശനാത്മകമായ ഒരു ആത്മപരിശോധനക്ക് കേന്ദ്ര-സംസ്ഥാനങ്ങളും, ബന്ധപ്പെട്ട ജനപ്രതിനിധികളും തയ്യാറാവുക. ടൂറിസം രംഗത്ത് സംസ്ഥാനത്തു അനന്ത സാധ്യതയുള്ള ജില്ലയാണ് വയനാട് എന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിലെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

 

മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പൂർത്തീകരിക്കുവാൻ 2600 കോടി രൂപയോളം വകയിരുത്തി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എങ്കിലും റോഡ് യാഥാർഥ്യമാക്കുവാൻ വർഷങ്ങൾ വേണ്ടിവരും. അത്‌കൊണ്ട് വയനാടിന്റെ പ്രേത്യക സാഹചര്യം കണക്കിലെടുത്തു കുറഞ്ഞ തുക മുടക്കിയാൽ (ഏകദേശം 10 കോടി) വനത്തിലൂടെയുള്ള 8.25 km ദൂരം 6 മാസം കൊണ്ട് പദ്ധതി പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയും

അതിനാൽ തുരങ്കപാതക്കൊപ്പം ബദൽ റോഡ് പണിയും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

പുതിയ കേന്ദ്ര നയം അനുസരിച്ച് വനത്തിലൂടെ റോഡ് നിർമ്മാണത്തിന് കേന്ദ്ര അനുമതി ലഭിക്കുവാൻ യാതൊരു തടസ്സവും ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി നേരത്തെ ശിലാസ്ഥാപനത്തിന്റെ സമീപം പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് ടൗണിലൂടെ പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ ചേർന്ന് പ്രതിഷേധ ധർണ പൂഴിത്തോട് ബദൽ റോഡ് കർമ്മസമിതി മുൻ ചെയർമാൻ ഒ.ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വി എം ജോസ്, സജി എ ജെ, ഷമീർ, ബെന്നി, സാജൻ മാത്യു, കുര്യാക്കോസ് ടി പി, അബ്രഹാം പി കെ, ജോസ് അഴീക്കൽ, ജോയ് ചിറ്റാട്ടുകര, തുടങ്ങിയവർ പ്രസംഗിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.