ഇന്ന് നബിദിനം; പ്രവാചകാനുരാഗത്താല്‍ മനം നിറച്ച് വിശ്വാസികള്‍

കൽപ്പറ്റ : പുണ്യ റബീഇന്റെ 12ാം നാളില്‍ ഇന്ന് നബിദിനം. ലോകത്തിനാകെയും അനുഗ്രഹമായി പ്രവാചകർ മുഹമ്മദ് നബി (സ്വ) പിറവികൊണ്ട ദിനം. പ്രവാചകരുടെ മദ്ഹുകള്‍ പാടിയും പറഞ്ഞും വിശ്വാസികള്‍ അതിരറ്റ് സന്തോഷിക്കുന്ന രാപകല്‍. ദഫിന്റേയും അറബനയുടേയും താളത്തില്‍ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ളാദം. ഇന്ന് മണ്ണും വിണ്ണും പ്രവാചകാനുരാഗത്തില്‍ അലിഞ്ഞുചേരും.
ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മതസ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാല്‍ മുഖരിതമായി. ശേഷം ഭക്ഷണം, മധുര പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്തു.
നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ മുസ്‌ലിം സംഘടനകളും പള്ളി- മദ്‌റസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്റസകളില്‍ വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും. എന്നാൽ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷ പരിപാടികൾ ലഘൂകരിച്ചിട്ടുണ്ട്.