സമൃദ്ധിയുടെയും നന്മയുടെയും പൂവിളി ; മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം : നാടും നഗരവും ആഘോഷപ്പെരുമയില്‍

മലയാളികൾ കാത്തിരുന്ന നന്മയുടെ സമൃദ്ധിയുടെ ഒരുമയുടെ ഉത്സവം, ഇന്ന് തിരുവോണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഇല്ലെങ്കിലും തിരുവോണത്തിന്റെ പകിട്ടിന് മങ്ങലേല്പിച്ചിട്ടില്ല. ഒന്നിനുപിറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ നിന്നും ഐക്യത്തോടെ കരകയറിയ മലയാളിക്ക് ഇത് മറ്റൊരു അതിജീവനത്തിന്റെ തിരുവോണം കൂടിയാണ്.
സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേല്‍ക്കുന്നത്. പൂക്കളവും ഓണസദ്യയുമെല്ലാമായി കൂട്ടായ്മയുടെ സന്ദേശം കൂടി പങ്ക് വെച്ചാണ് ഓരോ ഓണക്കാലവും കടന്ന് പോകുന്നത്. ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവോണ നാളിലാണ് ഓണസദ്യയൊരുക്കുന്നതും ഓണക്കോടി ധരിക്കുന്നതും. ഇതിന് വേണ്ട ഒരുക്കങ്ങള്‍ ഉത്രാടദിനമായ ഒന്നാം ഓണത്തിന് തന്നെ തുടങ്ങും. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷം.
കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്‌ക്കും. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള്‍ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. ഏറ്റവും പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണസദ്യ വിളമ്ബാറ്. അച്ചാറുകള്‍, തോരൻ, അവിയല്‍, കാളൻ, ഓലൻ, എരിശ്ശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ.
ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ട്. എങ്കിലും വാമനനും മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തം. അസുരവംശത്തിലെ രാജാവായിരുന്നെങ്കിലും കടുത്ത വിഷ്ണു ഭക്തനും സദ്ഭരണത്തിനുടമയുമായിരുന്നു മഹാബലി. ദേവലോകത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു മഹാബലിയുടെ ഭരണം. മഹാബലിക്ക് കീഴില്‍ നാട്ടിലെങ്ങും സമ്ബല്‍ സമൃദ്ധിയും ഐശ്വര്യവും നടമാടി. അങ്ങനെയിരിക്കെയാണ് മഹാബലിക്ക് ദേവലോകം കീഴടക്കണം എന്ന ആഗ്രഹമുദിച്ചത്. ദേവലോകം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇന്ദ്രനും മറ്റ് ദേവന്‍മാരും വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് സഹായം തേടി. മനസലിഞ്ഞ വിഷ്ണു ഭഗവാന്‍ ദേവഗണങ്ങളെ രക്ഷിക്കാം എന്ന് വാക്ക് കൊടുത്തു. അങ്ങനെ വാമനന്റെ അവതാരം സ്വീകരിച്ച് വിഷ്ണു ഭൂമിയിലെത്തി. ചിങ്ങ മാസത്തിലെ തിരുവോണ ദിവസമായിരുന്നു വിഷ്ണു വാമനനായി അവതരിച്ചത്. ഈ സമയം മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യുകയായിരുന്നു. ഇതിനിടെ മഹാബലിക്ക് മുന്നിലെത്തി വാമനന്‍ തനിക്ക് ഭിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടു. എന്ത് വേണമെങ്കിലും തരാം എന്നായിരുന്നു മഹാബലിയുടെ മറുപടി. മൂന്നടി മണ്ണാണ് തനിക്ക് വേണ്ടത് എന്നും അത് താന്‍ തന്നെ അളക്കുമെന്നും വാമനന്‍ മഹാബലിയോട് പറഞ്ഞു.
എന്നാല്‍ അസുരഗുരുവായ ശുക്രാചാര്യര്‍ ഇതിലെ ചതി മനസിലാക്കി. മഹാബലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ബലിയുടെ നിലപാട്. ഇതിനിടെ ആകാശത്തോളം വളര്‍ന്ന വാമനന്‍ ആദ്യ രണ്ട് അടി കൊണ്ട് ഭൂമിയും സ്വര്‍ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുത്തു.
വാമനന്‍ മഹാബലിയുടെ ശിരസില്‍ കാല്‍വെക്കുകയും പാതാളത്തിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണം എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന വാമനന്‍ കേള്‍ക്കുകയും ചെയ്തു. ഇത് പ്രകാരം തന്റെ പ്രജകളെ കാണാന്‍ മഹാബലി വരുന്ന ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. ഒരുകാലത്ത് തങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നല്‍കി സദ്ഭരണം കാഴ്ച വെച്ച മഹാബലിയെ സ്വീകരിക്കുന്നതിനായാണ് മലയാളികള്‍ പൂക്കളവും ഓണസദ്യയും ഒരുക്കി കോടിയുടുത്ത് തിരുവോണം ആഘോഷിക്കുന്നത്.