September 20, 2024

എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ജയില്‍ മോചിതനായ അരവിന്ദ് കെജ്‍രിവാള്‍

1 min read
Share

 

ദില്ലി : ദില്ലി മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍മോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവർത്തകർ കെജ്രിവാളിനെ സ്വീകരിക്കാനെത്തിയത്. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്രിവാളിനെ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്‍റെ ആദ്യപ്രതികരണം.

 

ഈ വർഷം മാർച്ച്‌ 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് പാർട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം. ഇഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്കുന്നതിനു മുമ്ബ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്കുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കി.

 

സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുൻകേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും. അറസ്റ്റിൻറെ കാര്യത്തില്‍ ബഞ്ചിലെ രണ്ടു ജഡ്ജിമാർ ഭിന്ന വിധിയാണ് നല്കിയത്. ജസ്റ്റിസ് സൂര്യകാന്ത് സിബിഐ അറസ്റ്റിനോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാൻ അതിരൂക്ഷ വിമർശനം ഉയർത്തി.

 

കേസ് രജിസ്റ്റർ ചെയ്ത് 22 മാസത്തിനു ശേഷമുള്ള അറസ്റ്റ് കെജ്രിവാള്‍ പുറത്തിറങ്ങുന്നത് തടയാനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസി സീസറുടെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം. കൂട്ടിലടച്ച തത്തയെന്ന് സിബിഐയെ നേരത്തെ കോടതി വിശേഷിപ്പിച്ചതാണെന്നും ജസ്റ്റിസ് ഭുയ്യാൻ ഓർമ്മിപ്പിച്ചു. പാർട്ടിയെ ഒറ്റക്കെട്ടായി നിറുത്തിയവർക്ക് നന്ദി പറയുന്നു എന്ന് സുനിത കെജ്രിവാള്‍ പ്രതികരിച്ചു. സത്യം വിജയിച്ചു എന്നാണ് നേരത്തെ കേസില്‍ ജാമ്യം കിട്ടിയ മനീഷ് സിസോദിയ പറഞ്ഞത്.

 

ജാമ്യം കിട്ടിയതു കൊണ്ട് കുറ്റവിമുക്തനായില്ലെന്ന് ബിജെപി തിരിച്ചടിച്ചു. അടുത്ത വർഷം ആദ്യം ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെജ്രിവാളിന് ജാമ്യം കിട്ടിയത് ആംആദ്മി പാർട്ടിക്ക് ബലം നല്കുന്നു. കെജ്രിവാളിൻറെ അറസ്റ്റിനു ശേഷം ആംആദ്മി പാ‍ർട്ടിയില്‍ കാര്യമായ പിളർപ്പുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ജസ്റ്റിസ് ഭുയ്യാൻറെ പരാമർശങ്ങള്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണത്തിന് ആംആദ്മി പാർട്ടി ആയുധമാക്കും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.