September 20, 2024

ചൂരൽമലയിൽ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയാകും : യാഥാര്‍ഥ്യമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം സുഗമമാകും

1 min read
Share

 

മേപ്പാടി : ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മ്മാണം ഇന്ന് ഉച്ചയോടുകൂടി പൂര്‍ത്തിയാകും. 190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും.

 

നീളം കൂടുതലായതിനാല്‍ പുഴയ്‌ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. ദല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക.

 

ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍ മലയില്‍ എത്തി. ബംഗ്ലൂരുവില്‍ നിന്നും കരമാര്‍ഗ്ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

 

കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തി. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവ കണ്ണൂര്‍ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.