September 20, 2024

വയനാട്ടിലെ കിറ്റ് വിവാദം : ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണെന്ന് കെ സുരേന്ദ്രന്‍

1 min read
Share

 

കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ ഡി എഫും യു ഡി എഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ഭക്തൻ ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കാനാണെന്ന് പ്രചരിപ്പിച്ചത്. ബി ജെ പിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും കല്‍പ്പറ്റയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 

 

കിറ്റിലുള്ള സാധനങ്ങള്‍ ആദിവാസികള്‍ക്കുള്ളതാണെന്ന് കോണ്‍ഗ്രസിനും സി പി എമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവർ ഭക്ഷിക്കില്ലെന്നാണോ ഇവർ പറയുന്നത്? പൊലീസ് എഫ് ഐ ആർ എന്താണ്? ബി ജെ പിക്ക് പങ്കുണ്ടെന്ന് പറയാൻ എന്ത് തെളിവാണുള്ളത്? ടി.സിദ്ധിഖാണ് നീചമായ ആരോപണം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിക്കും സിദ്ധിഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടർമാർ അതിന് മറുപടി പറയും.

 

പരാജയഭീതിയാണ് കോണ്‍ഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നില്‍. രാഹുല്‍ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികള്‍ക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണ് ഞങ്ങള്‍ ചർച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുല്‍ എന്നാണ് വയനാട്ടുകാർ പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

അതേസമയം, കടയില്‍ നിന്നും കിറ്റുകള്‍ ഓർഡർ ചെയ്തത് ബി ജെ പി പ്രവർത്തകനാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിക്കുന്നത്. വിതരണത്തിന് തയ്യാറാക്കിയ 1500 ല്‍ പരം ഭക്ഷ്യക്കിറ്റുകളായിരുന്നു ഇന്നലെ രാത്രിയോടെ പിടികൂടിയത്.

 

വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിലായിരുന്ന ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പൊലീസ് വാഹനത്തില്‍ കയറ്റിയ ഭക്ഷ്യ കിറ്റുകളും വാഹനവും പിടിച്ചെടുക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ യു ഡി എഫ്, എല്‍ ഡി എഫ് പ്രവർത്തകർ ഇവിടേക്ക് സംഘടിച്ച്‌ എത്തിയത് സംഘർഷത്തിന് ഇടയാക്കി.

 

 

അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ അവകാശപ്പെട്ടു. ‘ഭക്ഷ്യകിറ്റ് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ആരോപണത്തിനു പിന്നില്‍ ബി ജെ പി സ്ഥാനാർഥി കെ.സുരേന്ദ്രന് വയനാട് മണ്ഡലത്തില്‍ ലഭിക്കുന്ന പിന്തുണയിലുള്ള അസൂയയാണ്’ – പ്രശാന്ത് പറഞ്ഞു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.