October 24, 2024

മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണം : യുവാക്കൾ പിടിയില്‍

Share

 

മേപ്പാടി : കോട്ടപ്പടി എളമ്പലേരി എസ്റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടില്‍ അടുക്കളയോടുചേര്‍ന്നു സ്റ്റോര്‍റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1,36,468 രൂപ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരന്‍ കോട്ടനാട് അരിപ്പൊടിയന്‍ അബ്ദുള്‍ മജീദ് (26), സുഹൃത്ത് കോട്ടനാട് കളത്തില്‍പറമ്പില്‍ ബെന്നറ്റ് (26) എന്നിവരെയാണ് സംഭവം നടന്ന 24 മണിക്കൂറിനകം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ബി.കെ. സിജു, എസ്‌ഐ ഷാജി, എസ്‌സിപിഒമാരായ സുനില്‍കുമാര്‍, വിപിന്‍, ഷബീര്‍, സിപിഒ ഷാജഹാന്‍, ഹോം ഗാര്‍ഡ് പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘം വൈത്തിരിയില്‍ നിന്നു അറസ്റ്റുചെയ്തത്.

 

ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.

ലോക്കര്‍ സഹിതമാണ് പണം അപഹരിച്ചത്. മഞ്ഞളാംകുഴിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ച ലോക്കര്‍, അബ്ദുള്‍മജീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്ലൗസ്, ലോക്കര്‍ മുറിക്കാനുപയോഗിച്ച കട്ടര്‍ എന്നിവ കണ്ടെടുത്തു. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു മോഷണം. റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ അബ്ദുള്‍ മജീദാണ് മോഷണം നടത്തിയത്. തിരിച്ചറിയാതിരിക്കാനും സിസിടിവി കാമറയില്‍ കുടുങ്ങാതിരിക്കുന്നതിനും ജാക്കറ്റ് ധരിച്ചാണ് ഇയാള്‍ റിസോര്‍ട്ടില്‍ എത്തിയത്. മോഷണം നടത്തിയശേഷം ബൈക്കില്‍ ബെന്നറ്റിന്റെ താമസസ്ഥലത്തിനടുത്തുള്ള പഴയ വീട്ടിലെത്തി. ഇവിടെവച്ച് വീടുപണിക്ക് കൊണ്ടുവന്ന കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ പൊളിച്ചത്. പണം എടുത്തശേഷം ഇരുവരും ബൈക്കില്‍ മഞ്ഞളാംകൊല്ലിയിലെത്തിയാണ് ലോക്കര്‍ ഉപേക്ഷിച്ചത്. പോലീസിലെ മുങ്ങല്‍ വിദഗ്ധര്‍ മണിക്കൂറോളം ശ്രമിച്ചാണ് ലോക്കര്‍ പുറത്തെടുത്തത്.

 

പിങ്കി എന്ന ട്രാക്കര്‍ ഡോഗിനെ ഉപയോഗിച്ചാണ് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞത്. കുറ്റവാളികളെന്ന് സംശയിച്ചവരുടെ വസ്ത്രങ്ങള്‍ മണപ്പിച്ച് പോലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണത്ത പിങ്കി അനങ്ങിയില്ല. അബ്ദുള്‍മജീദിന്റെ തൊപ്പി മണപ്പിച്ചതിനു പിന്നാലെയാണ് പിങ്കി പ്രതിയുടെ സഞ്ചാരപാതയിലേക്കും തെളിവുകളിലേക്കും പോലീസുകാരെ നയിച്ചത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീശന്‍, ബൈജുകുമാര്‍ എന്നിവരാണ് പിങ്കിയുടെ പരിശീലകര്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.