September 22, 2024

രാഹുല്‍ഗാന്ധി ജില്ലയില്‍ അനുവദിച്ചത് പതിനേഴ് സ്കൂള്‍ ബസുകള്‍

1 min read
Share

 

കല്‍പ്പറ്റ : ഉള്‍ഗ്രാമങ്ങളിലും വനാർത്തിഗ്രാമങ്ങളിലും താമസിക്കുന്ന ആദിവാസി വിദ്യാർഥികള്‍ക്കടക്കം യഥാസമയം വിദ്യാലയങ്ങളിലെത്തുന്നതിനായി എംപിയെന്ന നിലയില്‍ രാഹു ല്‍ഗാന്ധി വയനാട് ജില്ലയില്‍ മാത്രം അനുവദിച്ചത് പതിനേഴ് സ്കൂള്‍ ബസുകള്‍. പലപ്പോഴും ആദിവാസിമേഖലയില്‍ നിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വയനാടിന്‍റെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രധാനപ്രതിസന്ധികളിലൊന്നായിരുന്നു.

 

ഇതിന്‍റെ മുഖ്യകാരണങ്ങളിലൊന്ന് സ്കൂളുകളിലേക്കുള്ള യാത്രാപ്രശ്നം തന്നെയായിരുന്നു. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ ബസുകള്‍ ഇല്ലാതിരുന്ന, കുറവുണ്ടായിരുന്ന സ്കൂളുകള്‍ക്ക് ആധുനിക സംവിധാനങ്ങളുള്ള ബസ് അനുവദിച്ചത്. ശരാശരി 20 ലക്ഷം രൂപ ചെലവിട്ടുകൊണ്ടാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബസുകള്‍ വാങ്ങിയിട്ടുള്ളത്.

 

ആദിവാസി വിദ്യാർഥികളും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും ധാരാളമായി പഠിക്കുന്ന ഈ സ്കൂളുകളില്‍ ഭൂരിഭാഗവും എസ്‌എസ്‌എല്‍സി പരീക്ഷയിലും മറ്റും നൂറുമേനി വിജയം നേടുന്നവരാണ്. മികച്ച രീതിയില്‍ പഠനം നടത്തുന്പോഴും യാത്രാപ്രശ്നം പല സ്കൂളുകളും നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്നായിരുന്നു.

 

ഇതാണ് സ്കൂള്‍ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. ഇതില്‍ പുല്‍പ്പള്ളിയിലെ കൃപാലയ സ്പെഷല്‍ സ്കൂളില്‍ മുള്ളൻകൊല്ലി, പൂതാടി, പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാർഥികളായിരുന്നു പഠിച്ചിരുന്നത്.

 

വിദ്യാലയത്തിന് സ്കൂള്‍ ബസില്ലാത്തതിനാല്‍ വലിയ പ്രയാസമായിരുന്നു നേരിട്ടിരുന്നത്. വിദ്യാർഥികള്‍ മറ്റുവാഹനങ്ങളില്‍ വലിയ ദുരിതം അനുഭവിച്ചുകൊണ്ടായിരുന്നു സ്കൂളിലെത്തിയിരുന്നത്.

 

രാഹുല്‍ഗാന്ധി കൃപാലയ സ്കൂള്‍ സന്ദർശിച്ച സമയത്തായിരുന്നു രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് മൂന്ന് പഞ്ചായത്തിലെ വിദ്യാർഥികള്‍ പഠിക്കുന്ന സ്കൂളില്‍ ബസില്ലാത്തതിന്‍റെ പ്രയാസം എംപിക്ക് മുന്പില്‍ അവതരിപ്പിച്ചത്. തുടർന്ന് എംപി ബസ് അനുവദിക്കുകയായിരുന്നുവെന്ന് കൃപാലയ സ്കൂളിലെ അധ്യാപകനായ ടി.യു.ഷിബു പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.