September 20, 2024

ബാവലി മഖാം ആണ്ട്നേര്‍ച്ച നാളെ മുതല്‍

1 min read
Share

 

കാട്ടിക്കുളം : ജില്ലയിലെ ചരിത്രപ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാമിലെ ആണ്ട് നേര്‍ച്ച ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ആത്മീയ സംസ്‌കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ ബാവലി മഖാമിലെത്താറുണ്ട്. കേരള- കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ സ്ഥിതി ചെയ്യുന്ന ബാവലി മഖാമിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലാണ് വര്‍ഷംതോറും ആണ്ടുനേര്‍ച്ച നടത്തുന്നത്. നാലു ദിവസങ്ങളിലായി നടത്തുന്ന ആണ്ട് നേര്‍ച്ചയില്‍ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുക്കും.

 

വ്യാഴാഴ്ച വൈകീട്ട് 4.30-നു മഹല്ല് പ്രസിഡന്റ് ഇ.എം.അബ്ദുള്‍ കരീം ഹാജി പതാക ഉയര്‍ത്തും മൗലീദ് പാരായണം, മഖാം സിയാറത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നേതൃത്വം നല്‍കും. വൈകീട്ട് ഏഴിനു മജ്ലിസുന്നുര്‍ വാര്‍ഷികം. പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഷംസാദ് ദാരിമി മുട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുജീബ് തങ്ങള്‍ കല്പറ്റ അധ്യക്ഷത വഹിക്കും.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള മൗലീദ് പാരായണത്തിനു എടരിക്കോട് ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി ഏഴിനു സുബൈര്‍ തോട്ടിക്കല്‍ ‘ കൊട്ടാരം വിട്ടിറങ്ങിയ സുല്‍ത്താന്‍’ എന്ന വിഷയത്തില്‍ കഥാപ്രസംഗം അവതരിപ്പിക്കും. മഹല്ല് ഖത്തീബ് ഷമീം ഫൈസി അധ്യക്ഷത വഹിക്കും.

 

 

ശനിയാഴ്ച രാത്രി എട്ടിനു ദിഖ്റ് ഹല്‍ഖ. പ്രാര്‍ഥനയ്ക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദിഖ്റ് ഹല്‍ഖയ്ക്ക് പാണക്കാട് സയ്യിദ് അബ്ദുള്‍ റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

 

സമാപനദിവസമായ ഞായറാഴ്ച രാവിലെ 10-നു ആത്മീയസദസ്സ്. ഉസ്മാന്‍ മൗലവി ചെന്നലോട് അധ്യക്ഷത വഹിക്കും. യു.എം.കെ. സഖാഫി നിലമ്പൂര്‍ പ്രഭാഷണം നടത്തും. 11.30നുള്ള ഖത്തം ദുആയ്ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്നുള്ള മൗലീദ് പാരായണത്തിനു എസ്.കെ.ജെ.യു. ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ ഉസ്താദും കൂട്ട പ്രാര്‍ഥനയ്ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം സൈതാലിക്കുട്ടി ഉസ്താദ് കോറാടും നേതൃത്വം നല്‍കും.

 

ഒരുമണി മുതല്‍ മൂന്നുവരെ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും. ബാവലി മഖാമിലേക്കുള്ള നേര്‍ച്ചകളും സംഭാവനകളും കൗണ്ടറില്‍ നേരിട്ട് ഏല്പിച്ച് രശീതി വാങ്ങണമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

ഫോണ്‍: 7510126127.

 

ബാവലി പള്ളി മഖാം മദ്രസ കമ്മിറ്റി സെക്രട്ടറി എം.കെ. ഹമീദലി, വൈസ് പ്രസിഡന്റ് എന്‍.ടി. അബു, കമ്മിറ്റിയംഗങ്ങളായ പി.എ. അമീന്‍, പി.എച്ച്. ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.