കാട്ടാനയുടെ ആക്രമണത്തിൽ പോൾ മരിക്കാൻ ഇടയായത് ചികിത്സ വൈകിപ്പിച്ചതിനാൽ ; യൂത്ത് കോൺഗ്രസ് ഉപരോധത്തിൽ സംഘർഷം
കൽപ്പറ്റ : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുവാ ദ്വീപിലെ താൽക്കാലിക ജീവനക്കാരൻ പോളിന് ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം. ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിച്ചു.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിൽ എത്തി കലക്ടറുടെ പ്രവേശന കവാടം ഉപരോധിച്ചത്. ജില്ലാ പ്രസിഡണ്ട് അമൽ ജോയിയുടെ നേതൃത്വത്തിൽ പത്തിലധികം പ്രവർത്തകർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ പ്രവർത്തകർ സമരത്തിന് എത്തുമ്പോഴേക്കും മരണവാർത്ത എത്തി. ഈ സമയം വൻ പോലീസ് സംഘം കലക്ടറേറ്റിൽ ഉണ്ടായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ പ്രവർത്തകർ വാതിൽ തള്ളി തുറന്നു കലക്ടറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞു. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കലക്ടറുടെ വാഹനം നിർത്തുന്ന പോർച്ചിൽ വെച്ചും പോർച്ചിനു പുറത്തും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റുമ്പോഴും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്.
ആനയുടെ ആക്രമണം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പോൾ മരിക്കാൻ ഇടയായത് എന്ന് ഇവർ ആരോപിച്ചു. 17 ദിവസത്തിനിടെ മൂന്നുപേർ കാട്ടാനാക്രമത്തിൽ മരിച്ച സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
അമൽജോയ് അടക്കമുള്ള മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഒരു മണിക്കൂറിനു ശേഷം സ്റ്റേഷൻ ജാമ്യത്തിൽ സമരക്കാരെ വിട്ടയച്ചു. പോളിന്റെ മരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തുടർപ്രക്ഷോഭങ്ങൾക്കും യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.