പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോടതി
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും, പത്തുവർഷം തടവും, 1,02,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിളമ്പുകണ്ടം വാറുമ്മൽ കടവ് മുനവറത്ത് വീട്ടിൽ എം.കെ സതീഷ് (29) നെയാണ് കൽപ്പറ്റ സ്പെഷൽ കോടതി ജഡ്‌ജ് വി.അനസ് ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കമ്പളക്കാട് പോലീസ് ഇൻസ്പെക്‌ടറായിരുന്ന എസ്. സിബി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എസ് അജേഷ്, എസ്.സി.പി.ഒ വി.ആർ ദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിന് സീനിയർ സിവിൽ പോലീസ് ഓഫീസർ സീനത്തും ഉണ്ടായിരുന്നു.