കൽപ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇനി മുതൽ ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് എടുക്കാം
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭക്ക് കീഴിലെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ഇനി ഒ.പി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭിക്കും. പീഡിയാട്രിക് ഒ.പിയിലാണ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാന്‍ സാധിക്കും.
ആദ്യ 20 ടോക്കണുകള്‍ ആശുപത്രിയില്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കും. ഫോണിലൂടെ യു.എച്ച്.ഐ.ഡി നമ്പറും പാസ്‌വേഡും നല്‍കിയാല്‍ ഓണ്‍ലൈനായി കൂപ്പണ്‍ ലഭിക്കും. യു.എച്ച്.ഐ.ഡി നമ്പര്‍ തന്നെയാണ് പാസ് വേഡായി നല്‍കേണ്ടത്. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ടോക്കണ്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തി ഡോക്ടറെ കാണാവുന്നതാണ്.
ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ രോഗികളുടെ നേരത്തേയുള്ള അസുഖ വിവരങ്ങള്‍, പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ഡോക്ടര്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാവുകയും ചെയ്യും. കുട്ടികളുമായി വരുന്നവര്‍ക്ക് ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥ ഇതുവഴി കുറയുമെന്നാണ് കരുതുന്നത്.
ആശുപത്രിയില്‍ ആരംഭിച്ച ഇ. ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ഒ.പി സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.