വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയിലേറെ രൂപ തട്ടിയെന്ന് പരാതി ; വയനാട് സ്വദേശി അറസ്റ്റില്‍
ബത്തേരി : വിദേശത്തേക്ക് ജോലിവിസയും വിസിറ്റിങ് വിസയും നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്നരക്കോടിയോളം കബളിപ്പിച്ച കേസില്‍ വയനാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. സുല്‍ത്താൻ ബത്തേരി ചീയമ്പം ഊലിപ്പറമ്പിൽ ബാബു മാത്യുവിനെയാണ് (47) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂസിലൻഡിലും ഇസ്രായേലിലും ജോലി വാഗ്ദാനം ചെയ്ത് 1,62,5,0000ത്തോളം രൂപയാണ് നിരവധി ആളുകളില്‍നിന്ന് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലില്‍ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനില്‍കുമാര്‍, മുണ്ടക്കയം എസ്.എച്ച്.ഒ എ.ഷൈൻ കുമാര്‍, എസ്.ഐ കെ.വി. വിപിൻ, എ.എസ്.ഐ കെ.ജി. മനോജ് , സി.പി.ഒ റോബിൻ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.