നടവയൽ സി.എം കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനം : പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു
പനമരം : നടവയൽ സി.എം കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പ്രിൻസിപ്പാളിന്റെ മർദ്ദനം. കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദിനെത്തുടർന്ന് ചൊവ്വാഴ്ച ജില്ലയിലെ കോളേജുകളും അടപ്പിക്കുന്നതിന്റെ ഭാഗമായി സി.എം. കോളേജിൽ എത്തിയ പ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റം ഉണ്ടായത്.
കെ.എസ്.യു പ്രവർത്തകരെയും, വിദ്യാർഥികളെയും കോളേജ് പ്രിൻസിപ്പാൾ മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിന്റെ മൊബൈൽ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കെ.എസ്.യു ബത്തേരി നിയോജകമണ്ഡലം ട്രഷറർ സ്റ്റെൽജിൻ പി.ജോൺ പനമരം സി.എച്ച്.സിയിൽ ചികിത്സതേടി. ഇതോടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോഗുൽദാസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ് അതുൽ തോമസ്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഐ.ആർ മുബാരിഷ്, വൈസ് പ്രസിഡന്റ് രോഹിത്ത് ശശി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ കോളേജിൽ എത്തി ഉപരോധസമരം നടത്തി. പ്രിൻസിപ്പാൾ മാപ്പുപറയണമെന്നും, സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. പനമരം, കേണിച്ചിറ പോലിസ് സംഘവും സ്ഥലത്തെത്തി. പ്രിൻസിപ്പാളിനെതിരെ നടപടിയുണ്ടാവുന്നത് വരെ സമരത്തിൽ നിന്നും പിന്തിരിയില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചു നിന്നു.
കോളേജ് അധികൃതരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
വൈകീട്ട് 4.30 ഓടെ കോളേജ് അധികൃതർ പ്രിൻസിപ്പാൾ മുഹമ്മദ് ഷെരീഫിനെ കോളേജിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കോളേജ് ഉന്നതാധികാര സമിതി രേഖാമൂലം പ്രവർത്തകരെ അറിയിച്ചു. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. തുടർന്ന് കെ.എസ്.യു പ്രവർത്തകർ നടവയൽ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി. വിദ്യാർഥികളുടെ പരാതിപ്രകാരം പ്രിൻസിപ്പാളിനെതിരെ പനമരം പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പഠിപ്പുമുടക്കിനുള്ള നോട്ടീസ് സി.എം കോളേജ് കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾ നൽകിയെങ്കിലും പ്രിൻസിപ്പാൾ അനുമതി നൽകിയില്ല. ഇതോടെ കോളേജ് പൂർവ്വ വിദ്യാർഥി കൂടിയായ സ്റ്റെൽജിൻ പി.ജോണിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി സംസാരിച്ചിട്ടും പഠിപ്പുമുടക്കിനുള്ള അനുവാദം നൽകിയില്ല. ഇതോടെ മുദ്രാവാഖ്യവിളികളുമായി പ്രതിഷേധിക്കുന്ന ദൃശ്യം പ്രിൻസിപ്പാൾ മൊബൈലിൽ പകർത്തുകയും, ഇത് ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളെയും കൈയ്യേറ്റം ചെയ്തെന്നുമാണ് സ്റ്റെൽജിൻ പറയുന്നത്. എന്നാൽ കോളേജിൽ സ്പെഷ്യൽ ക്ലാസ്സായിരുന്നു നടന്നിരുന്നത്. ദൂരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ പഠിക്കുന്ന കോളേജിൽ കഴിഞ്ഞ ഒരുവർഷമായി വിദ്യാഭ്യാസ ബന്ദിന് അനുവതി നൽകാറില്ല. ഇത് അറിയച്ചപ്പോൾ അസഭ്യവർഷത്തോടെയുള്ള മുദ്രാവാഖ്യം വിളിക്കുകയായിരുന്നു. ഈ ദൃശ്യം എടുക്കുന്നതിനിടെ പ്രിൻസിപ്പാളിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുക്കാൻ പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. പുറത്തു നിന്നെത്തിയവർ വിദ്യാർഥികളുടെ മുമ്പിൽ വെച്ച് അക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പാൾ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.