പുൽപ്പള്ളിയിൽ യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവം : പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
പുല്‍പ്പള്ളി : യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ പിതാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ ശിവദാസനെ (55)യാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ അനന്തകൃഷ്ണന്‍, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായി തിരച്ചില്‍ നടത്തിവരുന്നതിനിടെ പുല്‍പ്പള്ളി കേളക്കവല ഷെഡ് ഭാഗത്ത് നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ അമല്‍ദാസ്(22) ആണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ കൊല്ലപ്പെട്ടത്. അമല്‍ദാസിന്റെ പിതാവ് ശിവദാസനും മാതാവും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവും, അമല്‍ദാസിന്റെ സഹോദരിയും കബനിഗിരിയിലെ വീട്ടിലായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അമല്‍ദാസ് അമ്മയെയും സഹോദരിയെയും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കെ പിതാവുമായി വാക്കേറ്റമുണ്ടാകുകയയായിരുന്നു. ഫോണിലൂടെ അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് സഹോദരി അയല്‍വാസികളെ വിളിച്ച് വിവരം പറയുകയുമായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ അമലിനെ കിടക്കയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
പുല്‍പള്ളി പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അസീസ്, മുഹമ്മദ് അന്‍സാരി, രാജേഷ്, അയ്യപ്പന്‍ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.