ബസ് യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച അഞ്ചുപേരും അറസ്റ്റിൽ
പുൽപ്പള്ളി : സ്വകാര്യബസ് യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. മണൽവയൽ ഇരുളം കോളനിയിലെ അപ്പു (21), കുട്ടൻ (33), ശിവൻ (25), സുധി (24), സുബീഷ് (28) എന്നിവരെയാണ് പുല്പള്ളി എസ്.ഐ. സി.ആർ. മനോജ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച വൈകീട്ട് 6.30ന് പുല്പള്ളി-സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ഫാന്റസി ബസിലായിരുന്നു സംഭവം. ബസ് യാത്രക്കാരും ഇരുളം സ്വദേശികളുമായ ഓർക്കടവ് ചാരുപറമ്പിൽ നിജു, ബന്ധുവായ സുരേന്ദ്രൻ എന്നിവർക്കാണ് വെട്ടേറ്റത്. ബസ് ഏര്യപ്പള്ളി റേഷൻകടയ്ക്കു സമീപത്തെത്തിയപ്പോഴായിരുന്നു ആക്രമണം. വാക്തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
നിജുവിന്റെയും സുരേന്ദ്രന്റെയും ഇടതുകൈയിലെ ഞരമ്പ് അറ്റുപോയിട്ടുണ്ട്. നിജുവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രന് വെട്ടേറ്റത്. നിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സുരേന്ദ്രനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നാംപ്രതി ചേർത്ത അപ്പുവിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. അറസ്റ്റുചെയ്ത എല്ലാവരെയും സുൽത്താൻബത്തേരി കോടതിയിൽ ഹാജരാക്കി.