വീടിനകത്തും രക്ഷയില്ല : വയനാട്ടിൽ കടുവ വീട്ടിനുള്ളിലേക്ക് ഓടിക്കയറി
കാട്ടിക്കുളം : പനവല്ലി പുഴക്കര കോളനിയിൽ വീട്ടിനുള്ളിലേക്ക് കടുവ കയറിയതായി വീട്ടുകാർ. പ്രദേശവാസിയായ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി പറയുന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവമെന്നും തലനാരിഴക്കാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. ഒരു പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നതെന്നും, തുടർന്ന് വീടിന്റെ മുൻഭാഗത്തിരിക്കുകയായിരുന്ന തങ്ങളുടെ നേരെ കടുവ കുതിച്ചുവന്നതായും, ഓടി മാറിയപ്പോൾ കടുവ അകത്തേക്ക് കയറിയെന്നും കയമ പറഞ്ഞു.
ഈ സമയം അകത്തുണ്ടായിരുന്ന മക്കൾ ഓടി മച്ചിന് മുകളിൽ കയറിയതായും ഇവർ പറയുന്നു. തുടർന്ന് കടുവ ഓടി പോകുകയും ചെയ്തു. വീടിന്റെ തറയിൽ നഖം കൊണ്ട് മാന്തിയ പാടുകളും ദൃശ്യമാണ്. പനവല്ലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ ശല്യം രൂക്ഷമായിരുന്നു. കടുവയെ പിടികൂടാൻ വനപാലകർ 3 കൂടുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.