സിനിമ കാണാനെത്തി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു ; അഞ്ചു പേർ അറസ്റ്റിൽ
കൽപ്പറ്റ : ജൈത്രാ സിനിമാസിൽ അതിക്രമം നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്ത കേസിൽ അഞ്ചുപേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.
ചുണ്ടേൽ ഓടത്തോട് സ്വദേശി അൻഷാദ് (27), മേപ്പാടി ചൂരൽമല സ്വദേശി ആർ. സൂരജ് (25), മുട്ടിൽ വാര്യാട് സ്വദേശി വെങ്കിടേശ് പ്രസാദ് (29), കൽപ്പറ്റ സ്വദേശി ഇർഷാദ് (27), മേപ്പാടി കള്ളാടി സ്വദേശി എ.പി. സൂരജ് (24) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു തിയറ്ററിൽ സംഘത്തിന്റെ അതിക്രമം നടന്നത്. തിയറ്ററിൽ രാത്രി 9.45 നായിരുന്നു പ്രദർശന സമയം. വൈകിയെത്തിയ സംഘം സിനിമ ആദ്യം മുതൽ വീണ്ടും പ്രദർശിപ്പിക്കണമെന്ന് തിയറ്റർ അധികൃതരോട് ആവശ്യപ്പെട്ടു.
സിനിമ കണ്ടിറങ്ങിയശേഷം സംഘം പാർക്കിങ് ഗ്രൗണ്ടിലെത്തി സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. ഉടൻ തന്നെ മറ്റു സെക്യൂരിറ്റി ജീവനക്കാരെത്തി തിയറ്ററിന്റെ ഗേറ്റ് അടയ്ക്കുകയും പോലീസ് എത്തിയിട്ടു പോയാൽ മതിയെന്നു പറയുകയും ചെയ്തു. എന്നാൽ സംഘം കാർ ഉപയോഗിച്ചു തിയറ്ററിന്റെ ഗേറ്റ് ഇടിച്ച് തകർത്തു പുറത്തേക്ക് പോയി. മർദനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ബൈജുവിനു പരുക്കേറ്റു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.