വാളാട് വിമല നഗർ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു
മാനന്തവാടി : റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ മാനന്തവാടി – വിമലനഗര്‍ – വാളാട് എച്ച്എസ് – പേരിയ റോഡ് തകര്‍ന്നു.
കുളത്താടയില്‍ നിന്നും വാളാടേക്ക് പുഴയരികിലൂടെ പോകുന്ന റോഡാണ് തകര്‍ന്നത്. 105 കോടി ചിലവഴിച്ച് നിര്‍മ്മിക്കുന്ന 27 കിലോമീറ്റര്‍ റോഡില്‍ പുലിക്കാട്ട് കടവ് പാലത്തിന് സമീപത്തെ ഇന്റര്‍ലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.
കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. കുളത്താട മുതല്‍ വാളാട് വരെ പുഴയോരത്തുകൂടെ കടന്നുപോവുന്ന റോഡ് പ്രളയത്തില്‍ മുങ്ങിപ്പോകുന്നത് കൂടി കണക്കിലെടുത്ത് മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മിച്ചത്.
അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പൂര്‍ണ്ണ തോതില്‍ സെറ്റാകുന്നതിന് മുന്‍പ് പുഴയില്‍ വെള്ളം ഉയര്‍ന്ന് മണ്ണ് നിരങ്ങിയതാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് കരാറു കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഒന്നേകാല്‍ കോടിയോളം ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ കഴിയും മുന്നേ തകര്‍ന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വടക്കേ വയനാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന റോഡായിരുന്നു ഇത്. മാനന്തവാടി കണ്ണൂര്‍ യാത്രയ്ക്ക് ഒരു സമാന്തര പാതയായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആധുനിക രീതിയിലായിരുന്നു റോഡ് നിര്‍മാണം. മാനന്തവാടി പോസ്റ്റോഫീസ് പരിസരത്തുനിന്ന് തുടങ്ങി മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാല്‍ പഞ്ചായത്തിലെയും ഗ്രാമീണ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിമല നഗര്‍, കുളത്താട, വാളാട് എച്ച്എസ് എന്നീ വഴി പേരിയ 36ല്‍ ചേരുന്നതായിരുന്നു പ്രസ്തുത റോഡ്. അപകട സാധ്യത മുന്‍നിര്‍ത്തി റോഡിന്റെ ഈ ഭാഗത്ത് ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.