വയനാട് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിഭാഗം തുടങ്ങി : ചൊവ്വ , വ്യാഴം ദിവസങ്ങളിലായിരിക്കും ഒ.പി
മാനന്തവാടി : ഏറെ മുറവിളികള്‍ക്ക് ശേഷം വയനാട് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിഭാഗം ഒ.പി പ്രവര്‍ത്തനം തുടങ്ങി. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഒ.പി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുക. വയനാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായിട്ടാണ് ഹൃദ്രോഗ ചികിത്സ സൗകര്യം ലഭിക്കുന്നത്. രോഗികള്‍ നേരിട്ട് ഒ.പിയില്‍ എത്തിയാല്‍ ചികിത്സ ലഭിക്കില്ല.
ഡോക്ടറുടെ റഫറല്‍ രേഖ ഉണ്ടെങ്കിലാണ് സേവനം ലഭിക്കുക. അതേസമയം, രോഗനിര്‍ണയം നടന്നാല്‍ കിടത്തി ചികിത്സയടക്കമുള്ള സേവനങ്ങള്‍ക്ക് രോഗിയെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടി വരും. ഏറെ കൊട്ടിഘോഷിച്ച് മെഡിക്കല്‍ കോളജില്‍ കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടര മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഒ.പി പ്രവര്‍ത്തനം ആരംഭിച്ചത്. കാത്ത് ലാബില്‍ സ്ഥിരം കാര്‍ഡിയോളജിസ്റ്റുകളെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാനോ ഉപകരണങ്ങള്‍ സ്ഥാപിക്കാനോ ഉള്ള നടപടി ആരംഭിച്ചിട്ടില്ല. ആദ്യ ദിനത്തില്‍ 19 പേരാണ് ഒ.പിയിലെത്തിയത്.