ആറ് പതിറ്റാണ്ടായി കുടനന്നാക്കി ഉപജീവനം നടത്തുകയാണ് വെള്ളേരി സൈതാലിക്ക
പനമരം : കഴിഞ്ഞ് ആറ് പതിറ്റാണ്ടിലേറെയായി പനമരത്തെ തെരുവോരങ്ങളിൽ കുട നന്നാക്കി ഉപജീവനം നടത്തുകയാണ് വെള്ളേരി സൈതാലിക്ക. 70 കാരനായ സൈതാലി തന്റെ എട്ടുവയസ്സു മുതലാണ് കുടനന്നാക്കൽ ജോലിയിലേക്കിറങ്ങിയത്. അങ്ങനെ 1961 മുതൽ പനമരം നിവാസികളെ മഴയും വെയിലും ഏൽക്കാതെ ഇന്നും സംരക്ഷിച്ചു പോരുകയാണിദ്ദേഹം.
തന്റെ സേവനം ഈ കാലമത്രയും നൽകിയ ഇദ്ദേഹത്തിന് കാഴ്ച്ചക്കുറവുണ്ട്. കണ്ണ് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും കണ്ണുമടച്ച് തന്റെ സൂചിയിൽ നൂൽ കോർക്കാനും പൊടുന്നനെ തന്റെ ജോലി പൂർത്തീകരിച്ച് കൊടുക്കാനും സൈതാലിക്കാവും.
പനമരം ചങ്ങാടക്കടവിൽ താമസിക്കുന്ന വെള്ളേരി സൈദാലിക്ക നൂറുകണക്കിന് ജനങ്ങൾക്കാണ് മഴയും വെയിലും ഏൽക്കാതെ ഇന്നും സംരണക്ഷണമേകുന്നത്.