മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം : പ്രതി പിടിയിൽ
മാനന്തവാടി : മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയയാൾ പിടിയിൽ. കര്‍ണാടക ബീച്ചനഹള്ളി ചിക്കബെല്ലപുര ടി.എന്‍ ഹരീഷ (22) യാണ് അറസ്റ്റിലായത്.
ബത്തേരി എസ്.ഐ സി.എം സാബുവിന്റെ സഹായത്തോടെ ബത്തേരിയില്‍ നിന്നുമാണ് മാനന്തവാടി സി.ഐ അബ്ദുള്‍ കരീമും സംഘവും പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയിലാണ് മാനന്തവാടിയിലെ സ്ഥാപനങ്ങളിലെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്തും, വാതിലിന്റെ ചില്ലുതകര്‍ത്തും ഇയാള്‍ മോഷണം നടത്തിയത്.
ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും 2500 രൂപയോളം ഇയ്യാള്‍ മോഷ്ടിച്ചു. മാനന്തവാടി പോലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ ഹരീഷയെ തിരിച്ചറിഞ്ഞിരുന്നു. ഇയ്യാള്‍ ജില്ലക്കകത്തും പുറത്തും വിവിധ മോഷണ കേസുകളില്‍ പ്രതിയാണ്. കൈകാലുകള്‍ക്ക് സ്വാധീന കുറവുള്ള ഹരീഷ പകല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുകയും രാത്രി പറ്റിയ സ്ഥാപനങ്ങളില്‍ മോഷണം നടത്തുകയുമാണ് പതിവ്.
ഒരു ടൗണില്‍ മോഷണം നടത്തിയ ശേഷം അടുത്ത ടൗണിലേക്ക് മാറും. ഈ രീതി മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബത്തേരിയില്‍ നിന്നും പിടികൂടിയത്. ഇയ്യാളുടെ കൈവശത്തു നിന്നും കട്ടര്‍, ബ്ലേഡ്, വയറുകള്‍ തുടങ്ങി മോഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്.