മദ്യലഹരിയില്‍ സംഘര്‍ഷം ; വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
മാനന്തവാടി : തോല്‍പ്പെട്ടി റേഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡില്‍ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.
വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ എന്‍.രൂപേഷിനെയാണ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.പുകഴേന്തി ഐഎഫ്എസ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
സംഭവത്തില്‍ രൂപേഷിനും മൂന്ന് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു. സംഭവം കടുത്ത അച്ചടക്ക ലംഘനവും, ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവുമാണെന്നും, ആയത് വനം വകുപ്പിന് പൊതുജന മധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.