തോട്ടം തൊഴിലാളികളുടെ കുലി പുതുക്കി നിശ്ചയിക്കണം ; മാനന്തവാടിയിൽ തൊഴിലാളികൾ വഴി തടഞ്ഞു
മാനന്തവാടി : തോട്ടം തൊഴിലാളികളുടെ കുലി സംബന്ധിച്ച കരാർ കാലാവധി കഴിഞ്ഞിട്ട് 17 മാസം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാൻ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മാനന്തവാടി ഗാന്ധിപാർക്കിൽ വഴി തടഞ്ഞു.
തൊഴിലാളികൾക്ക് ന്യായമായ കൂലിയും താമസ സൗകര്യവും ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും മഹാമാരി കൊണ്ടും പൊറുതിമുട്ടിയ തൊഴിലാളികൾക്ക് അവകാശപ്പെട്ട കുലി ചോദിക്കുമ്പോൾ അദ്ധ്വാനഭാരം വർദ്ധിപ്പിക്കണമെന്ന് മുതലാളിമാരുടെ ആവശ്യം അംഗികരിക്കാൻ കഴിയില്ല. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിതനായ കൃഷ്ണൻ നായർ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കണമെന്നും ടി.എ.റെജി ആവശ്യപ്പെട്ടു.
ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സമ്പൂർണ്ണ ഭവനപദ്ധതി നടപ്പാക്കുക, പാടികളിൽ ശുദ്ധജലം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബിജു, പി.വി.ജോർജ്, പി.എം.ജോർജ്, എം.പി.ശശികുമാർ, ബേബി തുരുത്തിയിൽ, ടി.കുഞ്ഞാപ്പു, ടി.ശശിധരൻ, കെ.കൃഷ്ണൻ, എസ്.സഹദേവൻ, ബഷിർ ചിറക്കര, സി.ബി.പ്രസാദ്, ടി.കെ.സമദ്, തങ്കമ്മ യേശുദാസ് പ്രസംഗിച്ചു.