സ്വത്തുതർക്കം: മാനന്തവാടിൽ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
മാനന്തവാടി : സ്വത്തുതർക്കത്തെ തുടർന്ന് മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാനന്തവാടിയിലെ ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറും പരിയാരംകുന്ന് സ്വദേശിയുമായ തോട്ടുങ്കൽ ശ്രീനു (43) ആണ് പോലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കൂട്ടുസ്വത്ത് അളന്ന് ഭാഗം വെകുന്നതിനിടെ തനിക്ക് അവകാശപ്പെട്ട സ്ഥലം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതാണ് ശ്രീനു വീടിനു സമീപത്തെ പാലമരത്തിൽ കയറിയത്. കൈയ്യിൽ പ്ലാസ്റ്റിക് കയറുമായി കയറി ശ്രീനു കഴുത്തിൽ കുരുക്കിട്ടാണ് നിന്നിരുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ യൂണിറ്റും മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. വിനു ഉൾപ്പെടെയുള്ള നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ചതിനെ തുടർന്ന് 3.45-ഓടെ ശ്രീനു സ്വയം താഴെയിറങ്ങുകയായിരുന്നു.
കൂട്ടുസ്വത്തായ 37.5 സെന്റ് ഭൂമിയിൽ തനിക്ക് അർഹതപ്പെട്ട കുറച്ചുഭാഗം സ്വത്ത് അച്ഛന്റെ കുടുംബത്തിലുള്ള ചിലർ കൈയ്യേറിയെന്നാണ് ശ്രീനുവിന്റെ ആരോപണം. മരത്തിൽ നിന്ന് താഴെയിറങ്ങിയ ശേഷം കാര്യങ്ങൾ ശ്രീനു പോലീസ് ഉദ്യോഗസ്ഥരോട് വിവരിച്ചു. ഇരുവിഭാഗത്തിനോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് പോലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും മടങ്ങിയത്.