തിരുനെല്ലിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാനന്തവാടി : തിരുനെല്ലി പോലീസ് സ്റ്റേഷന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്റെ കാറാണ് ഭാഗികമായി തകര്‍ന്നത്.
ശ്രീരാജിന്റെ സഹോദരന്‍ ലതീഷായിരുന്നു വാഹനമോടിച്ചിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറിന്റെ എതിര്‍വശത്തെ ചില്ല് തുമ്പികൈക്കൊണ്ട് തകര്‍ക്കുകയും, പിന്നീട് മുന്‍വശം കൂടി തകര്‍ത്തതിന് ശേഷം പെട്ടന്ന് തന്നെ കാട് കയറുകയായിരുന്നു. ആനയെ കണ്ടയുടനെ കാര്‍ പെട്ടന്ന് പിന്നോട്ട് എടുക്കുന്നതിന് മുമ്പ് തന്നെ ആന ആക്രമിക്കുകയായിരുന്നെന്ന് ഡ്രൈവര്‍ പറയുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.