യുവാവ് തൂങ്ങി മരിച്ച നിലയിൽ
പനമരം : നീർവാരം അമ്മാനി നഞ്ചറമൂല കോളനിക്ക് സമീപം വനത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുളം കോളനിയിലെ രാജു (40) ആണ് മരിച്ചത്. നഞ്ചറമൂല കോളനിയിലെ സിന്ധുവിനെ വിവാഹം ചെയ്ത് നഞ്ചറമൂലകോളനിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. രാജു കുടകില്‍ ഇഞ്ചി കൃഷി പണിക്കായി പോയെന്ന് കരുതി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഞായറാഴ്ച രാവിലെ 11 മണിയോടെ വനം വകുപ്പ് ജീവനക്കാരാണ് മരത്തിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പനമരം പോലീസ് സ്ഥലത്തെത്തി പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം താഴെയിറക്കി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ : ഷിജു, ഷിഹ.