ഡ്രെയ്നേജ് തുറന്നു വിടുന്നത് മറ്റൊരു റോഡിലേക്ക് ; പുളിക്കംവയൽ – എടത്തംകുന്ന് റോഡ് നിവാസികൾ ദുരിതത്തിൽ
പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ 21-ാം വാർഡിൽ ആനപ്പാറ റോഡിൽ പുളിക്കംവയൽ കോളനി ഭാഗത്ത് ഡ്രെയ്‌നേജ് നിർമിക്കുന്നത് അശാസ്ത്രീയമെന്ന് പരാതി. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ യാത്രചെയ്യുന്ന പുളിക്കംവയൽ – എടത്തംകുന്ന് റോഡിലേക്കാണ് കോളനിയിൽ നിന്നുള്ള ഓവുചാൽ തുറന്നു വിടുന്നത്. ഇത് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കിടയാക്കി. കഴിഞ്ഞ ദിവസം ഡ്രെയ്‌നേജ് നിർമാണം നാട്ടുകാർ തടഞ്ഞു. റോഡിലുടനീളം ഡ്രെയ്നേജ് വേണമെന്നിരിക്കെ വെറും 70 മീറ്റർ മാത്രം അഴുക്കുചാൽ ഒരുക്കി നാട്ടുകാർക്ക് ആശ്രയമായ പുളിക്കംവയൽ – എടത്തംകുന്ന് റോഡിലേക്ക് തുറന്നു വിടുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാർ നിർമാണം തടഞ്ഞത്. എടത്തംകുന്ന് റോഡിലേക്ക് ഓവുചാൽ തുറന്നു വിടുന്നതിനായി ആനപ്പാറ റോഡ് കുത്തിപ്പൊളിച്ചു. ഇതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. തുടർന്ന് പനമരം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം രമ്യതയിലാക്കിയത്.
പത്തു വർഷത്തിലേറെയായി ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡിൽ പ്രവൃത്തികൾ നടത്തിയിട്ട്. അതിനാൽ റോഡ് തകർന്നു കിടക്കുകയാണ്. റോഡിൽ ഇതുവരെ ഡ്രെയ്നേജ് ഒരുക്കിയിട്ടുമില്ല. നിലവിൽ നിർമാണം തുടങ്ങിയ അഴുക്കുചാൽ 100 മീറ്റർ കൂടി നീട്ടിയാൽ താഴെയുള്ള തോടുവരെ എത്തിച്ച് താല്കാലിക പരിഹാരം കാണാമെന്നിരിക്കെ അതിനും അധികൃതർ തയ്യാറായില്ല. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
അഴുക്കുചാൽ 170 മീറ്റർ ആക്കി ഉയർത്തണമെന്ന ആവശ്യവുമായി പ്രദേശവാസികൾ പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. ഇതുവരെ ഒരിടത്തും കേട്ടുകേൾവി പോലും ഇല്ലാത്തതാണ് വേറൊരു റോഡിലേക്ക് ഓവുചാൽ തുറന്നു വിടുക എന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ ഒരു രോഗിയേ പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ്. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഈ ഡ്രെയ്നേജ് താഴെയുള്ള തോടുവരെ എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.