പനമരം ക്ഷീരോൽപ്പാദക സഹകരണ സംഘം ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
പനമരം : ക്ഷീരോൽപ്പാദക സഹകരണ സംഘം ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1973 ൽ അഞ്ചു കുന്ന് കേന്ദ്രമായി 5 ലിറ്റർ പാൽ സംഭരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ച പനമരം ക്ഷീരോൽപാദക സഹകരണ സംഘം 50 വർഷം പൂർത്തിയാകുമ്പോൾ ദിനംപ്രതി 12500 ലീറ്റർ പാൽ സംഭരിച്ച് ജില്ലയിലെ ക്ഷീരസംഘങ്ങളുടെ മുൻ നിരയിലേക്ക് കുതിപ്പ് തുടരുകയാണ്. 5 കൺസ്യൂമർ സ്റ്റോറുകൾക്ക് പുറമേ 8 കാലിത്തീറ്റ ഡിപ്പോകളും സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഗോൾഡൻ ജൂബിലി പ്രമാണിച്ച് അംഗങ്ങൾക്ക് പ്രയോജനപ്രദമായ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോൾഡൻ ജൂബിലി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിച്ചു. പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ, ക്ഷീര സംഘം പ്രസിഡൻ്റ് ഇ.ജെ.സെബാസ്റ്റ്യൻ, കെ.ഉഷാദേവി, ഒ.എം.ജോർജ്, കെ.എം.സ്മിത, സജേഷ് സെബാസ്റ്റ്യൻ കെ.വി.ആൻ്റണി എന്നിവർ പ്രസംഗിച്ചു. ക്ഷീര പദങ്ങളിലെ നവ ചക്രവാളങ്ങൾ എന്ന വിഷയത്തെക്കുറിച്ച് വെറ്ററിനറി സർവകലാശാല പ്രൊഫസർ ഡോ ജോൺ ഏബ്രഹാം ക്ലാസെടുത്തു. ക്ഷീര വികസന ഓഫിസർ വിപിൻ പോൾ മോഡറേറ്ററായി.