ജോലി നിഷേധിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ; ഫിഷറീസ് ഓഫീസറെ സസ്പെന്റ് ചെയ്തു
മാനന്തവാടി : ഫിഷറീസ് വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിയായ യുവതിയോട് കോഴ ആവശ്യപ്പെടുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്ത ഫിഷറീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് ഡയറക്ടറാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്.
കാരാപ്പുഴയിലെ ഫിഷറീസ് ഓഫീസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. ഈ വിഷയം അന്വേഷിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. യുവതിയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു.
അർഹതപ്പെട്ട ജോലി നിഷേധിച്ചതിൽ മനംനൊന്ത് ഉദ്യോഗാർഥിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വെള്ളമുണ്ട സ്വദേശിയായ യുവതിയാണ് അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കാരാപ്പുഴ മത്സ്യഭവനിൽ അക്വാകൾച്ചർ കോ-ഓർഡിനേറ്ററായി 20 മാസം യുവതി കരാറടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നു. ഈ തസ്തികയിൽ വീണ്ടും കരാർ നിയമനത്തിനുള്ള പട്ടികയിൽ നിന്നൊഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
ജോലി ലഭിക്കാത്തിന് കാരണക്കാർ വയനാട് ഫിഷറീസ് മുൻ ഓഫീസർ സുജിത്ത്‌കുമാറും അസി. ഡയറക്ടർ ആഷിഖ് ബാബുവുമാണെന്നാണ് യുവതിയുടെയും ഭർത്താവിന്റെയും ആരോപണം.
ഫിഷറീസ് ഓഫീസറായിരുന്ന സുജിത്ത് കുമാറിന്റെ പേരിൽ നൽകിയ പരാതിയാണ് ജോലി നിഷേധിക്കാൻ കാരണമെന്ന് ഇരുവരും പറഞ്ഞു. രാത്രി 10.30 ന് ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് സുജിത്ത്‌കുമാറിനെതിരേ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. വരാനിരിക്കുന്ന നിയമനത്തിൽ പരിഗണിക്കണമെങ്കിൽ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്തതിനാൽ അഭിമുഖത്തിൽ തഴഞ്ഞെന്നാണ് പരാതി.
ആദ്യലിസ്റ്റിൽ മൂന്നാമതായി ഉൾപ്പെടുത്തിയിരുന്നു. ഈ ലിസ്റ്റിൽനിന്ന് ജോലിലഭിക്കുമെന്ന് ഉറപ്പായതോടെ ലിസ്റ്റ് അട്ടിമറിച്ച് മറ്റൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ലിസ്റ്റിൽ നിന്നും മനഃപൂർവം പേരൊഴിവാക്കിയതായും യുവതിയും ഭർത്താവും ആരോപിക്കുന്നു.