കുരങ്ങു ശല്യത്താൽ പൊറുതിമുട്ടി മണിയങ്കോട് നിവാസികൾ ; വളർത്തു നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
കൽപ്പറ്റ : കുരങ്ങു ശല്യത്താൽ പൊറുതിമുട്ടുകയാണ് മണിയങ്കോട് നിവാസികൾ. പതിവായെത്തുന്ന കുരങ്ങിൻ കൂട്ടങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം വളർത്തു മൃഗങ്ങളെയും ക്രൂരമായി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. തിങ്കളാഴ്ച കൂട്ടമായെത്തിയ കുരങ്ങുകൾ മണിയങ്കോട് ഓടമ്പം സ്വദേശി വിഷ്ണുനിലയം ഒ.ആർ രഘുപ്രസാദിന്റെ വളർത്തു നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ കൈകാലുകൾക്കും മുകത്തും ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
അതേസമയം, പരിക്കേറ്റ നായയെ ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നിഷേധിച്ചതായി വീട്ടുകാർ പരാതിപ്പെടുന്നു. ഒരു ഇഞ്ചക്ഷനും മരുന്നും മാത്രമാണ് ലഭിച്ചത്. മുറിവുകൾ തുന്നി കെട്ടാൻ ആശുപത്രി അധികൃതർ കൂട്ടാക്കിയില്ല. ആവശ്യമെങ്കിൽ പൂക്കോടേക്ക് കൊണ്ടുപോവാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. മിണ്ടാപ്രാണികളോട് ആശുപത്രി അധികൃതർ കാണിക്കുന്ന ഇത്തരം മനോഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വീട്ടുകാർ പറഞ്ഞു.