എക്സൈസ് ഉദ്യോഗസ്ഥർ കൃത്രിമം കാട്ടിയിട്ടില്ല ; തോൽപ്പെട്ടിയിൽ പിടിച്ചത് 40 ലക്ഷം രൂപയുടെ കുഴൽപ്പണം തന്നെയെന്ന്
കൽപ്പറ്റ: തോൽപ്പെട്ടി എക്സൈസ് ചെക്‌പോസ്റ്റ് വഴി കൊണ്ടുപോകാൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടിയ സംഭവത്തിൽ ഉദ്യോഗസ്ഥർ കൃത്രിമം കാട്ടിയില്ലെന്ന് എക്സൈസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, പോലീസ് ഇത് പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം ഗൗരവത്തോടെത്തന്നെയാണ് പോലീസ് പരിശോധിക്കുന്നത്. എസ്.ബി, എസ്.എസ്.ബി വിഭാഗമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് തോല്പെട്ടി എക്സൈസ് ചെക്‌പോസ്റ്റ് വഴി കൊണ്ടുപോകാൻ ശ്രമിച്ച നാല്പതുലക്ഷംരൂപ പിടികൂടിയത്. എക്സൈസ് ചെക്‌പോസ്റ്റ് ടീമും മാനന്തവാടി എക്സൈസ് സർക്കിൾ ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ തമിഴ്‍നാട് സ്വദേശി വിജയ്ഭാരതിയിൽ നിന്നാണ് രേഖകളില്ലാതെ കൊണ്ടുപോകാൻ ശ്രമിച്ച പണം പിടികൂടിയത്.
അഞ്ഞൂറുരൂപയുടെ 80 കെട്ടുകളാണ് ഉണ്ടായിരുന്നതെന്നും ഓരോ കെട്ടിലും നൂറ്, അഞ്ഞൂറ് രൂപ നോട്ടുകളാണുണ്ടായിരുന്നതെന്നുമാണ് എക്സൈസിന്‍റെ വാദം. ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കിയപ്പോൾ അതിൽ അമ്പതുലക്ഷം രൂപയെന്ന് തെറ്റായി രേഖപ്പെടുത്തിപ്പോയതാണെന്നും പറയുന്നു. വയനാട് എക്സൈസ് അസി. കമ്മിഷണറാണ് സംഭവം അന്വേഷിക്കുന്നത്.
ചെക്പോസ്റ്റിലെ സി.സി.ടി.വി. ദൃശ്യങ്ങളും നോട്ടുകെട്ടുകളുടെ ചിത്രങ്ങളുമാണ് എക്സൈസ് തങ്ങളുടെ വാദത്തിന് തെളിവായി പറയുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങൾ അത്ര വ്യക്തമല്ല. നോട്ടുകെട്ടുകളുടെ ചിത്രത്തിൽ എന്തെങ്കിലും കൃത്രിമം കാട്ടിയോ എന്ന കാര്യമുൾപ്പെടെ പോലീസ് പരിശോധിക്കും. പണം കടത്തിയ ആളെ ചോദ്യം ചെയ്യുമ്പോഴുള്ള വീഡിയോ ക്ലിപ്പാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ കച്ചിത്തുരുമ്പ്.
ഇതിൽ ഒരിടത്ത് വിജയഭാരതിയെ ചോദ്യംചെയ്യുന്നിടത്ത് എക്സൈസ് ഉദ്യോഗസ്ഥൻ നാല്പതുലക്ഷം എന്ന് എടുത്തുപറയുന്നുണ്ട്.
ശനിയാഴ്ച പിടിച്ച പണം മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) അവധിയായതിനാൽ ബത്തേരി കോടതിയിലേക്കാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്.
രേഖകൾ പരിശോധിച്ച കോടതി പണം ഉദ്യോഗസ്ഥരുടെ കൈയിൽത്തന്നെ ഏല്പിച്ച് മാനന്തവാടി കോടതിക്ക് നൽകാൻ നിർദേശിക്കുകയായിരുന്നു. പണം കോടതിയിൽ നൽകുന്നതിനുമുമ്പായി എസ്.ബി.ഐ. മാനന്തവാടി ടൗൺ ശാഖയിലെത്തിച്ച് എണ്ണിയപ്പോഴാണ് 50 ലക്ഷം 40 ലക്ഷമായി കുറഞ്ഞത് മനസ്സിലായതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം.