കാക്കവയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മാധവന്റെ കുടുംബത്തിന് ധനസഹായം നൽകണം – ടി.സിദീഖ് എം.എൽ.എ
കല്‍പ്പറ്റ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട കൈപ്പാടം കോളനിയില്‍ മാധവന്റെ കുടുംബത്തിന് വേണ്ട അടിയന്തിര ധനസഹായം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോട് അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
അടിയന്തിരമായി കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശവും നല്‍കി. മുട്ടില്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൈപ്പാടം പണിയ കോളനിയില്‍ താമസിക്കുന്ന മാധവന്‍ (70 ) ആണ് കോഴിക്കോട് – കൊല്ലഗല്‍ റോഡില്‍ കാക്കവയല്‍ വിജയ ബാങ്കിന് മുന്നില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.
വീട്ടില്‍ നിന്നും ടൗണിലേക്ക് പോകുമ്പോഴാണ് അക്രമണം ഉണ്ടായത്. പ്രദേശത്തെ സി.സി ടി.വി ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാട്ടുപന്നിയുടെ അക്രമണമാണ് ഉണ്ടായതെന്ന് മനസ്സിലായത്. വയനാട് ജില്ലയില്‍ ജനസാന്ദ്രത കൂടുതലുള്ള ടൗണുകളില്‍ വരെ വന്യമൃഗാക്രമണം പതിവ് സംഭവമായി മാറുകയാണ്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച മാധവന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളുള്ള കുടുംബത്തിന്റെ ഏക ആശ്രയം ഇയാളായിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത ഒരു കുടുംബമാണ് ഇയാളുടേത്. മരണപ്പെട്ട മാധവന് ആധാറും, റേഷന്‍ കാര്‍ഡും ഇല്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അതിനായി വില്ലേജ് ഓഫീസറില്‍ നിന്ന് റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ടി.സിദ്ധിഖ് എം.എല്‍.എ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഒരു സഹായവും നിഷേധിക്കപ്പെടരുതെന്നും വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ വന്യമൃഗാക്രമണം കാരണം ഒട്ടനവധിയാളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും പരിക്ക് പറ്റുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും സംഭവിക്കുന്നുണ്ട്. ജീവഹാനി സംഭവിച്ചവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും, കാര്‍ഷിക വിളകളുടെ നഷ്ടത്തിനും, വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് ഉള്‍പ്പടെയുള്ള നഷ്ടങ്ങള്‍ക്ക് ഒട്ടനവധി അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നില്ല. വര്‍ഷങ്ങളായി നല്‍കുന്ന അപേക്ഷകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ വനം വകുപ്പ് മന്ത്രിയോട് പറഞ്ഞു.
അടിയന്തിരമായി ഇയാളുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ നല്‍കുകയും കുടുംബത്തിലെ ഓരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് വകുപ്പ് മന്ത്രിയോടും, ഡി.എഫ്.ഒ യോടും സംസാരിക്കുകയും ചെയ്തു.