മാനന്തവാടിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്നും വടിവാളുകള്‍ പിടികൂടി
മാനന്തവാടി : മാനന്തവാടിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്നും വടിവാളുകള്‍ പിടികൂടി. മാനന്തവാടി എസ് ആൻഡ് എസ് ടയര്‍ വര്‍ക്‌സില്‍ നിന്നുമാണ് വടിവാളുകള്‍ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സലീം എന്നയാളുടെ ടയര്‍ കടയില്‍ മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രനും സംഘവും നടത്തിയ തിരച്ചിലിലാണ് വടിവാളുകള്‍ കണ്ടെത്തിയത്.
2.5 അടിയോളം വലിപ്പത്തിലുള്ള നാല് വാളുകളാണ് പിടിച്ചെടുത്തത്. രണ്ട് വടിവാളുകള്‍ ഷട്ടില്‍ ബാറ്റ് കവറിനുള്ളിലും, രണ്ടെണ്ണം ചാക്കിനുള്ളില്‍ പൊതിഞ്ഞ നിലയിലും പഴയ ടയറുകള്‍ക്കിടയില്‍ ആണ് സൂക്ഷിച്ചിരുന്നത്. പി.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ തിരച്ചിലിന്റെ തുടര്‍ച്ചയായി സമീപത്തെ ടയര്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് നാലരയോടെയാണ് മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയിഡ് നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ചില രേഖകള്‍ പോലീസ് കണ്ടെത്തി. പ്രസ്തുത രേഖകള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ ഓഫീസിലെ പരിശോധനക്ക് ശേഷമാണ് തൊട്ടടുത്ത പിഎഫ്ഐ നേതാവിന്റെ ടയര്‍ കടയില്‍ പോലീസ് പരിശോധിച്ചത്. ഇതിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.