മെഡിക്കല്‍ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണം ; ആക്ഷന്‍ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ : വയനാട് ഗവ.മെഡിക്കല്‍ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ലഭ്യമായ ഭൂമിയില്‍ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ പ്രകടനവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും നടത്തി.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി.ഫിലിപ്പുകുട്ടി ധർണ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിക്കു സമീപം ബോയ്‌സ് ടൗണില്‍ സ്ഥാപിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിനുള്ള സ്ഥിര നിര്‍മാണം ബോയ്‌സ് ടൗണില്‍ നടത്തുന്നതിനെ ആക്ഷന്‍ കമ്മിറ്റി ചെറുക്കുമെന്ന് ചെയര്‍മാന്‍ മുന്നറിയിപ്പു നല്‍കി.
ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ വി.പി.അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെണ്ണിയോട് മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, അഡ്വ.ടി.യു.ബാബു, ഐ.ബി.മൃണാളിനി, കെ.വി.ജിനചന്ദ്ര പ്രസാദ്, പ്രിന്‍സ് തോമസ്, ടി.യു.സഫീര്‍, പി.ജെ.ജോബിന്‍ ജോസ്, എം.അലി, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
ബഷീര്‍ മുളപറമ്പത്ത്, വി.എസ്.ബെന്നി, കെ.എം.അബ്ദുല്‍ മജീദ്, അബ്ദുൾഖാദര്‍ മടക്കിമല, സാജന്‍ തുണ്ടിയില്‍, ജയപ്രഭ ബാബുരാജ്, എന്‍.കെ. ജ്യോതിഷ്‌കുമാര്‍, എടത്തില്‍ അബ്ദുറഹ്മാന്‍, സി.പി.അഷ്‌റഫ്, ജോയ് മണ്ണാര്‍തോട്ടം, റസാഖ് റാണിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി പേര്‍ ധര്‍ണയിൽ പങ്കെടുത്തു.